ദുരവസ്ഥയും മുദ്രാവാക്യ കവിതയും ക്രൂര വിവേചനങ്ങളെ ഒരുപോലെ വിചാരണ ചെയ്യുന്നു -ഡോ. ഖദീജ മുംതാസ്
text_fieldsകുമാരനാശാന്റെ ചരമ ശതാബ്ദിയുടെ ഭാഗമായി സി.പി.എ.സി സംഘടിപ്പിച്ച സംവാദത്തിൽ എഴുത്തുകാരി ഡോ. ഖദീജ
മുംതാസ് സംസാരിക്കുന്നു
ബംഗളൂരു: ആശാന്റെ ‘ദുരവസ്ഥ’യും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘മുദ്രാവാക്യ കവിത’യും ക്രൂര വിവേചനങ്ങളെ ഒരുപോലെ വിചാരണചെയ്യുന്നു എന്ന് പ്രശസ്ത എഴുത്തുകാരി ഡോ. ഖദീജ മുംതാസ് പറഞ്ഞു. കുമാരനാശാന്റെ ചരമ ശതാബ്ദിയുടെ ഭാഗമായി സി.പി.എ.സി സംഘടിപ്പിച്ച സംവാദത്തിൽ ‘ദുരവസ്ഥയും മുദ്രാവാക്യ കവിതയും ഓർമപ്പെടുത്തുന്നത്’എന്നവിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കാലത്തിന്റെ ദുരവസ്ഥകളെ ആശാന്റെ ‘ദുരവസ്ഥ’വിചാരണചെയ്ത അതേയളവിൽ ഇന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘മുദ്രാവാക്യ കവിത’പലരെയും ഞെട്ടിക്കുന്നുണ്ട്. വിശന്നെത്തുന്ന പണിയാളന് രാത്രിയിൽ ബാക്കിയായ കഞ്ഞിവെള്ളത്തിൽ ‘ഔദാര്യപൂർവം’നാല് വറ്റുമിട്ട് നിലത്ത് കുഴികുത്തി ഒഴിച്ചുകൊടുത്ത കാലത്തെ അഭിമാനപൂർവം ഓർക്കുന്നവർക്ക് മുദ്രാവാക്യ കവിത തീക്കനൽപോലെ പൊള്ളും.
മുന്നോട്ട് ഏറെ പോയ കേരളീയ സമൂഹത്തെ പിന്നോട്ടുനയിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് മുദ്രാവാക്യകവിത ഓർമപ്പെടുത്തുന്നതെന്ന് അവർ പറഞ്ഞു.
ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ബംഗളൂരു യൂനിറ്റ് പ്രസിഡന്റ് സുരേഷ് കോഡൂർ സംവാദം ഉദ്ഘാടനം ചെയ്തു. കേരള സമാജം ദൂരവാണി നഗർ പ്രസിഡന്റ് മുരളീധരൻ നായർ സംസാരിച്ചു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ദാമോദരൻ മാഷ്, വിദ്യാർഥികളായ ഭവ്യാ ദാസ്, നന്ദിത വിനോദ്, അഭിനയ് വിനോദ്, പാർവണ സുനിൽ എന്നിവർ കുമാരനാശാന്റെ കവിതകൾ ആലപിച്ചു. തുടർന്ന് സ്മിത ജഗദീഷ് , രമ പ്രസന്ന പിഷാരടി , സി. കുഞ്ഞപ്പൻ എന്നിവർ കവിത ആലപിച്ചു. സി. കുഞ്ഞപ്പൻ സ്വാഗതവും ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

