തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരക്കിട്ട് സംസ്കരിച്ചു -തിമറോഡി
text_fieldsമംഗളൂരു: ജസ്റ്റിസ് ഫോർ സൗജന്യ എന്ന സംഘടനയുടെ കീഴിൽ പ്രചാരണം നടത്തുന്ന ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറോഡിയും ഗിരീഷ് മട്ടെന്നവറും 2010ൽ ധർമസ്ഥലയിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിച്ചതിൽ ക്രമക്കേടുകൾ നടന്നതായി ആരോപിക്കുന്ന രേഖകൾ പുറത്തുവിട്ടു. 2010 ഏപ്രിൽ ഏഴിന് ധർമസ്ഥല പൊലീസ് ഔട്ട്പോസ്റ്റ് പുറത്തിറക്കിയതായി പറയപ്പെടുന്ന ശവസംസ്കാര കുറിപ്പിലും ധർമസ്ഥല ഗ്രാമപഞ്ചായത്തിൽനിന്നുള്ള പണമടച്ച രസീതിലും രണ്ട് മൃതദേഹങ്ങൾ സംസ്കരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്, ഒന്ന് കൊലപാതകക്കേസായും മറ്റൊന്ന് അസ്വാഭാവിക മരണ റിപ്പോർട്ട് പ്രകാരവുമാണ്.
ധർമസ്ഥല പൊലീസ് ഔട്ട്പോസ്റ്റ് തിരിച്ചറിയാത്ത സ്ത്രീ മൃതദേഹം സംസ്കരിക്കാൻ പഞ്ചായത്തിനോട് നിർദേശിച്ചതായി ശവസംസ്കാര കുറിപ്പിൽ പറയുന്നു. ഐ.പി.സി സെക്ഷൻ 302 (കൊലപാതകം), 201(തെളിവ് നശിപ്പിക്കൽ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥർ വഹിക്കുന്ന ഔട്ട്പോസ്റ്റ് എസ്.എച്ച്.ഒയാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്നും അത്തരം കേസുകളിൽ സംസ്കരിക്കാൻ അനുമതി നൽകേണ്ട പൊലീസ് ഇൻസ്പെക്ടർ ബെൽത്തങ്ങാടിയുടെ സീലോ അംഗീകാരമോ അതിൽ ഇല്ലെന്നും അവർ പറഞ്ഞു.
ധർമസ്ഥല ക്ഷേത്രപരിസരത്തുള്ള ശരാവതി ലോഡ്ജിൽനിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് നോട്ടീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിഥികൾക്ക് നിർബന്ധിത തിരിച്ചറിയൽ രേഖകളുണ്ടായിരുന്നിട്ടും ഇരയുടെ ഐഡന്റിറ്റി പൊലീസ് സ്ഥാപിച്ചില്ല. രേഖകളിൽ വൈരുധ്യങ്ങളും കാണാം. പൊലീസ് കുറിപ്പിൽ മൃതദേഹം ദഹിപ്പിക്കാൻ ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും പഞ്ചായത്ത് രസീതിൽ സംസ്കാരത്തിനുള്ള പണം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പൊരുത്തക്കേട് നടപടിക്രമങ്ങളിലെ ക്രമക്കേടുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കൊലപാതകക്കേസായി രജിസ്റ്റർ ചെയ്ത അജ്ഞാത സ്ത്രീയുടെ മൃതദേഹവും സി.ആർ.പി.സി സെക്ഷൻ 174 (ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ പൊലീസ്) പ്രകാരം രജിസ്റ്റർ ചെയ്ത അജ്ഞാത പുരുഷന്റെ മൃതദേഹവും കേസ് രജിസ്റ്റർ ചെയ്തതിന്റെ ഒരു ദിവസത്തിനുശേഷം 2010 ഏപ്രിൽ ഏഴിന് അതേ ദിവസം തന്നെ സംസ്കരിച്ചെന്നും അവർ എടുത്തുകാണിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുമുമ്പ് മൂന്ന് ദിവസമെങ്കിലും മോർച്ചറിയിൽ സൂക്ഷിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് മൃതദേഹങ്ങൾ തിടുക്കത്തിൽ സംസ്കരിച്ചതെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഈ രേഖകളുടെ അടിസ്ഥാനത്തിൽ, ധർമസ്ഥല കൂട്ട ശവസംസ്കാര ആരോപണങ്ങൾ അന്വേഷിക്കുന്ന എസ്.ഐ.ടി, ധർമസ്ഥല പൊലീസ്, ബെൽത്തങ്ങാടി പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കേസുമായി ബന്ധപ്പെട്ട മെഡിക്കൽ സ്റ്റാഫ് എന്നിവരെ വിളിച്ചുവരുത്തണമെന്ന് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു. ക്ഷേത്ര മാനേജ്മെന്റിനെയും ശരാവതി ലോഡ്ജ് ജീവനക്കാരെയും ചോദ്യം ചെയ്യുകയും വേണമെന്ന് ആവശ്യപ്പെട്ടു.
ധർമസ്ഥല: യൂട്യൂബർ സമീറിന് മുൻകൂർ ജാമ്യം
മംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് യൂട്യൂബർ സമീർ എം.ഡിക്ക് മംഗളൂരു കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ധർമസ്ഥലയിൽ നടന്ന സംഭവത്തിൽ ജൂൺ 12ന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ, സമീർ എം.ഡി മുൻകൂർ ജാമ്യം തേടി ആഗസ്റ്റ് 19ന് കോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചശേഷം കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

