ചുങ്കം അടക്കാൻ പണമില്ല; മോഷ്ടിച്ച ബസ് ടോൾ ബൂത്തിൽ ഉപേക്ഷിച്ചു
text_fieldsമോഷ്ടിച്ച ബസ്
ബംഗളൂരു: സ്വകാര്യ ബസ് മോഷ്ടിച്ച കള്ളൻ ടോൾ അടക്കാനാവാതെ ബസിൽനിന്ന് ഇറങ്ങിയോടി. ചാമരാജനഗറിലെ എൽ.ഐ.സി ഓഫിസിന് സമീപം നിർത്തിയിട്ടിരുന്ന വജ്ര എന്ന സ്വകാര്യ ബസാണ് പുലർച്ച ഒന്നോടെ മോഷ്ടിച്ചത്. ഉച്ചയോടെ ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ടോൾ ബൂത്തിൽ ബസ് കണ്ടെത്തിയതായി ഉടമ സോമനായക അറിയിക്കുകയായിരുന്നു. ടോൾ അടക്കാൻ പണമില്ലാതെ ബസ് നിർത്തി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബസ് മോഷണത്തെത്തുടർന്ന് ഉടമ ബസ് ഓണേഴ്സ് അസോസിയേഷന്റെ വാട്സ്ആപ് ഗ്രൂപ്പിലും സമൂഹമാധ്യമങ്ങളിലും ബസിന്റെ ഫോട്ടോ പങ്കിട്ടിരുന്നു. ബംഗളൂരു ടോൾ ബൂത്തിന് സമീപം ബസ് നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ട ഒരാൾ വിവരം പൊലീസിന് കൈമാറുകയായിരുന്നു.
ടോൾ അടക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയ കള്ളൻ ടോൾ ജീവനക്കാർ ബസ് നിർത്തി കൂടുതൽ ചോദ്യം ചെയ്തപ്പോൾ പിടിക്കപ്പെടുമെന്ന ഭയത്തിൽ ബസിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താൻ ചാമരാജനഗർ ടൗൺ സ്റ്റേഷനിൽ പരാതി നൽകുമെന്നും സോമനായക പറഞ്ഞു. ബസ് മോഷണ ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

