സെൻസസിൽ ആശയക്കുഴപ്പമില്ല - ജയപ്രകാശ് ഹെഗ്ഡെ
text_fieldsകെ. ജയപ്രകാശ് ഹെഗ്ഡെ
മംഗളൂരു: ജാതി സെൻസസ് എന്നറിയപ്പെടുന്ന സംസ്ഥാന സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പമെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് കർണാടക പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ കെ. ജയപ്രകാശ് ഹെഗ്ഡെ. 2015ൽ തുടങ്ങിയ സെൻസസ് പ്രവർത്തനങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
താൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്ത റിപ്പോർട്ടിൽ വ്യാഴാഴ്ച മന്ത്രിസഭയുടെ വിശദ ചർച്ച ആരംഭിക്കാനിരിക്കെ പുറത്ത് നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിക്കുന്നത് ശരിയല്ലെന്ന് കരുതി മൗനം പാലിക്കുകയായിരുന്നു. എന്നാൽ, വിവിധ കോണുകളിൽനിന്നുള്ള തുടർച്ചയായ ഊഹാപോഹങ്ങളും പരസ്പരവിരുദ്ധ പരാമർശങ്ങളും നേരിയ വിശദീകരണം അനിവാര്യമാക്കുകയാണ്.
ചില ആളുകൾക്കിടയിൽ അവരുടെ ജാതി ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന ധാരണയുണ്ട്. പക്ഷേ, സർവേയിൽ സംസ്ഥാനത്തെ എല്ലാ ജാതിക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്ക് ഇപ്പോൾ കൃത്യമായ സംഖ്യകൾ വെളിപ്പെടുത്താൻ കഴിയില്ല.
ജാതി വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്ന വാദങ്ങൾക്ക് മറുപടിയായി, ഏകദേശം 500 ജാതികൾക്ക് പൂർണമായ ഡാറ്റ ഇല്ലെന്ന് കണ്ടെത്തിയതായി ഹെഗ്ഡെ ചൂണ്ടിക്കാട്ടി. എച്ച്. കാന്തരാജിന്റെ നേതൃത്വത്തിൽ സെൻസസ് ആരംഭിച്ച കാലത്ത് ഡാറ്റ ശേഖരണത്തിനുള്ള ഫോർമാറ്റ് തയാറാക്കിയിരുന്നു. ഈ റിപ്പോർട്ട് അശാസ്ത്രീയമാണെന്ന് തള്ളിക്കളയാനാവില്ല. അതിൽ 54 ചോദ്യങ്ങളുണ്ടായിരുന്നു.
സാമൂഹികവും വിദ്യാഭ്യാസപരവുമായ വശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇത് വെറുമൊരു ജാതി സെൻസസ് മാത്രമല്ല. മൊത്തത്തിലുള്ള സർവേയുടെ ഒരു ഭാഗം മാത്രമായിരുന്നു ജാതി.
വീടുകളിൽനിന്നുള്ള സ്വയം പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡാറ്റകൾ. തങ്ങൾ ആരുടെയും ജാതി നിശ്ചയിച്ചിട്ടില്ല. കുടുംബാംഗങ്ങൾ സർവേയർമാരോട് പറഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്തത്.
റിപ്പോർട്ട് പരസ്യമാക്കിയതിനുശേഷം ചർച്ച ചെയ്യുന്നതാണ് ഉചിതം. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തലുകൾ വരുത്താം. തെറ്റുകൾ തിരുത്താൻ തയാറാണെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. 95 ശതമാനം ഡാറ്റയും കൃത്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വെറുതെ പറഞ്ഞതല്ല.
മുഖ്യമന്ത്രി നേരിട്ട് ഇരുന്ന് റിപ്പോർട്ട് എഴുതിയെന്ന ആക്ഷേപവും ശരിയല്ല. ഡെപ്യൂട്ടി കമീഷണർമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സർവേ നടത്തി. പരിശീലനം ലഭിച്ച അധ്യാപകർ ഓരോ ഗ്രാമത്തിലും സർവേയിൽ കണ്ണികളായി. സുതാര്യമായിരുന്നു പ്രക്രിയ. ഒരു അധ്യാപകനും വ്യക്തിപരമായ താൽപര്യമില്ലായിരുന്നു. മുൻകൂട്ടി അംഗീകരിച്ച ഫോർമാറ്റ് ഉപയോഗിച്ചാണ് ഡാറ്റ ശേഖരിച്ചത്. ഇത് സ്വകാര്യമായി കമീഷൻ ചെയ്ത റിപ്പോർട്ടല്ല.
ചില സമുദായങ്ങളുടെ എണ്ണം കുറവാണെന്ന് പരാതികൾ ഉണ്ടാവാം. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ആളുകളെ കണക്കാക്കിയിട്ടില്ല. ചില ലിംഗായത്തുകൾ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ചിലർ ലിംഗായത്തിന് പകരം ഹിന്ദു ഗാനിഗ എന്നാണ് സ്വയം വിശേഷിപ്പിച്ചത്.
സർവേയിൽ ആരാണ് എന്താണ് പറഞ്ഞതെന്ന് തങ്ങൾക്ക് അറിയില്ല. ഔപചാരിക പരാതിയില്ലാതെ ഉദ്യോഗസ്ഥർക്ക് അത് ശരിയാക്കാൻ കഴിയില്ല. റിപ്പോർട്ട് നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു സർവേ നടത്തുന്നതിൽ അർഥമില്ല. ഈ സർവേ ശാസ്ത്രീയമായി നടത്തിയതാണ്. അതിൽ ഒരു പ്രശ്നവുമില്ല.
റിപ്പോർട്ട് സുരക്ഷിതമായാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ഭെൽ) അപ്ലോഡ് ചെയ്തത്. അവർ ആരുമായും പാസ്വേഡ് പങ്കിട്ടിട്ടില്ല. കിംവദന്തികളെല്ലാം അടിസ്ഥാനരഹിതമാണ്. റിപ്പോർട്ട് നടപ്പാക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു. പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിന് റിപ്പോർട്ട് പരസ്യമാക്കണം. ഇടക്കാല റിപ്പോർട്ട് നേരത്തേ സമർപ്പിച്ചിരുന്നു.
അതിന്റെ ചില ഭാഗങ്ങൾ മുൻ ബി.ജെ.പി സർക്കാർ അംഗീകരിച്ചിരുന്നു. സുപ്രീംകോടതി കേസ് നിഷ്ക്രിയത്വത്തിന് കാരണമായി. ബി.ജെ.പി ഒരിക്കൽ അംഗീകരിച്ചത് ഇപ്പോൾ നിരസിക്കുന്നു. എന്നാൽ, കമ്മിറ്റി രൂപവത്കരിച്ചത് ബി.ജെ.പി സർക്കാറിന് കീഴിലാണ്. മിക്ക അംഗങ്ങളെയും ബി.ജെ.പിയിൽനിന്ന് തന്നെയാണ് തെരഞ്ഞെടുത്തത്. ഇത് കോൺഗ്രസ് സൃഷ്ടിച്ച റിപ്പോർട്ടല്ല.
ജാതി ദേശവിരുദ്ധമാണെന്നും അത് തുടച്ചുനീക്കണമെന്നും അംബേദ്കർ തന്റെ അവസാന പ്രസംഗത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ആ ലക്ഷ്യത്തിന് ഈ റിപ്പോർട്ട് അത്യാവശ്യമാണ്.
എല്ലാവർക്കും തുല്യ അവസരം ലഭിക്കുമ്പോൾ മാത്രമേ സമൂഹത്തിൽ തുല്യത കൈവരിക്കാൻ കഴിയൂ. അതിനായി ശരിയായ സംവരണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജയപ്രകാശ് ഹെഗ്ഡെ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ മത്സരിച്ച് ബി.ജെ.പിയുടെ കോട്ട ശ്രീനിവാസ പൂജാരിയോട് പരാജയപ്പെട്ടിരുന്നു. തുടർന്നാണ് സിദ്ധരാമയ്യ സർക്കാർ അദ്ദേഹത്തെ ജാതി സെൻസസ് പൂർത്തീകരണ ദൗത്യം ഏൽപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.