സംസ്ഥാനത്ത് പ്രവാസി മന്ത്രാലയം വേണമെന്ന് ആവശ്യം ശക്തം
text_fieldsപ്രവാസി പ്രതിനിധി സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകുന്നു
മംഗളൂരു: സംസ്ഥാനത്ത് പ്രവാസി മന്ത്രാലയം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള കർണാടക വംശജരായ പ്രവാസി ഇന്ത്യക്കാരുടെ (എൻ.ആർ.ഐ) പ്രതിനിധി സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകി. യു.എ.ഇ ആസ്ഥാനമായുള്ള വ്യവസായി റൊണാൾഡ് കൊളാക്കോ, ആരതി കൃഷ്ണ എം.എൽ.സി എന്നിവരുടെ നേതൃത്വത്തിലുള്ള 42 അംഗ പ്രതിനിധി സംഘം ബെളഗാവിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
കന്നടിഗ എൻ.ആർ.ഐകൾ നേരിടുന്ന പ്രധാന ആശങ്കകൾ ഉയർത്തിക്കാട്ടിയ പ്രതിനിധി സംഘം മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചു. പ്രത്യേക എൻ.ആർ.ഐ മന്ത്രാലയം സ്ഥാപിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം രണ്ടര വർഷത്തിനുശേഷവും നടപ്പിലാക്കിയിട്ടില്ലെന്ന് കൊളാക്കോ പറഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലും എൻ.ആർ.ഐ വകുപ്പുകൾ, പരാതി പരിഹാര സെല്ലുകൾ, നിക്ഷേപ സൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മടങ്ങിയെത്തുന്ന എൻ.ആർ.ഐകൾക്ക് ഇൻഷുറൻസ് പരിരക്ഷ, കാര്യക്ഷമമായ നിക്ഷേപ പ്രക്രിയ, സ്വത്ത് തട്ടിപ്പ്, ഭൂമി കൈയേറ്റം, വ്യാജ രേഖകൾ തയാറാക്കൽ, നീണ്ടുനിൽക്കുന്ന നിയമനടപടികൾ എന്നിവയുൾപ്പെടെയുള്ള പരാതികൾ പരിഹരിക്കുന്നതിന് സംവിധാനം എന്നിവ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ അഭാവം വിദേശത്ത് ജോലി ചെയ്യുന്ന ഏകദേശം 25-30 ലക്ഷം കന്നടികരെ പ്രതികൂലമായി ബാധിക്കുന്നതായി അവർ പറഞ്ഞു.
കർണാടകയിൽ നിക്ഷേപം നടത്താനോ വ്യവസായങ്ങൾ സ്ഥാപിക്കാനോ സ്ഥിരമായി താമസം മാറ്റാനോ ആഗ്രഹിക്കുന്ന കന്നടിഗ എൻ.ആർ.ഐകളെ പിന്തുണക്കുന്നതിനായി 1000 കോടി രൂപയുടെ റിവോൾവിങ് ഫണ്ടും നിർദേശിച്ചു. പ്രവാസി മൂലധനം ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനുമുള്ള നിക്ഷേപ മാർഗമാണ് ഫണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് അവധിക്കാലത്ത് മംഗളൂരുവിലേക്കുള്ള വിമാന നിരക്കിലെ കുത്തനെയുള്ള വർധന നിയന്ത്രിക്കുക, തിരഞ്ഞെടുത്ത ഗൾഫ് സ്ഥലങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുക, ബഹ്‌റൈനിലേതിന് സമാനമായി ഒരു കന്നട ഭവൻ സ്ഥാപിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. കൊളാക്കോയും ഫോർച്യൂൺ ഗ്രൂപ് ഓഫ് ഹോട്ടൽസ് ചെയർമാൻ വക്വാഡി പ്രവീൺ കുമാർ ഷെട്ടിയും കന്നട ഭവൻ സംരംഭത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അബൂദബിയിലെ എൻ.ആർ.ഐ വ്യവസായി സർവോതം ഷെട്ടി പറഞ്ഞു.
പാർട്ടി ഹൈകമാൻഡുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധി സംഘത്തിന് ഉറപ്പുനൽകിയതായി ആരതി കൃഷ്ണ പറഞ്ഞു. അതേസമയം അടുത്ത മാർച്ചോടെ പ്രത്യേക എൻ.ആർ.ഐ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

