ബംഗളൂരുവിൽ സ്ഫോടനത്തിന് പദ്ധതിയെന്ന്; അഞ്ചുപേർ അറസ്റ്റിൽ
text_fieldsപൊലീസ് പിടിയിലായ പ്രതികൾ
ബംഗളൂരു: ബംഗളൂരു നഗരത്തിൽ സ്ഫോടനത്തിന് പദ്ധതിയിട്ട തീവ്രവാദികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) അറിയിച്ചു. സെയ്ദ് സുഹൈൽ, ഉമർ, സാഹിദ്, മുദസിർ, ഫൈസൽ എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സി.സി.ബി സംഘം ഹെബ്ബാളിലെ സുൽത്താൻ പാളയയിൽ പ്രതികൾ കഴിയുന്ന വീട് കണ്ടെത്തി പിടികൂടുകയായിരുന്നു. ഏഴ് നാടൻ തോക്കുകൾ, 45 റൗണ്ട് തിരകൾ, വാക്കി ടോക്കി സെറ്റ്, കത്തി, 12 മൊബൈൽ ഫോണുകൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. 2017ൽ ആർ.ടി നഗറിൽ നടന്ന കൊലപാതകത്തിലെ മുഖ്യപ്രതിയും ഇപ്പോൾ വിദേശത്ത് കഴിയുന്നയാളുമായ ജുനൈദ് അഹമ്മദിന്റെ (29) നിർദേശമനുസരിച്ച് ബംഗളൂരുവിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്നാണ്പ്രാഥമിക കണ്ടെത്തൽ. കൊലപാതകം, ചന്ദനക്കടത്ത്, കവർച്ച ശ്രമം തുടങ്ങിയ കേസുകളിൽ മൂന്നു തവണ അറസ്റ്റിലായയാളാണ് ജുനൈദ് അഹമ്മദ്. 2017ലെ കൊലപാതക കേസിൽ ജുനൈദും ഇപ്പോൾ അറസ്റ്റിലായ അഞ്ചുപേരും തടവുശിക്ഷ അനുഭവിച്ചിരുന്നു.
2008ലെ ബംഗളൂരു സ്ഫോടനക്കേസ് പ്രതി കണ്ണൂർ സ്വദേശി തടിയൻറവിട നസീറുമായി പരപ്പന അഗ്രഹാര ജയിലിൽവെച്ച് പ്രതികൾ കണ്ടുമുട്ടിയെന്നും നസീർ ഇവരെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു.
ഇവർക്ക് തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നാണ് സംശയം. പ്രതികൾക്ക് ഫണ്ട് ലഭിച്ചതു സംബന്ധിച്ച് വിവരം കിട്ടിയിട്ടുണ്ടെന്നും അക്കാര്യം അന്വേഷിച്ചുവരുകയാണെന്നും കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുമെന്നും കമീഷണർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ചോദ്യം ചെയ്യലിനായി പൊലീസ് 15 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. പരപ്പന ജയിലിൽ കഴിയുന്ന നസീറിനെയും ഈ കേസിൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

