ബംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റിൽ മോഷണം; സി.സി.ടി.വിയിൽ പതിഞ്ഞു; വിഡിയോ
text_fieldsബംഗളൂരു: ബാനസ്‍വാടി ഒ.എം.ബി.ആർ ലേഔട്ടിലെ മലയാളി സൂപ്പർ മാർക്കറ്റിൽ മോഷണം. ഫിഫ്ത്ത് മെയിൻ റോഡിലെ 'അമക്സ് സൂപ്പർ മാർക്കറ്റി'ലാണ് ശനിയാഴ്ച പുലർച്ച അഞ്ചോടെ മോഷണം നടന്നത്. പണമടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ രാമമൂർത്തി നഗർ പൊലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച രാത്രി 11.15ഓടെ കടയടക്കുമ്പോൾ തൊട്ടടുത്ത കടക്കു മുന്നിൽ ഒരു യുവാവ് ബാഗുമായി നിൽക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നതായി സൂപ്പർ മാർക്കറ്റിന്റെ മാനേജർ പറഞ്ഞു. കടക്കുമുന്നിലെ സി.സി.ടി.വി ദൃശ്യത്തിൽ ഇതുണ്ട്. കടപൂട്ടി പോയശേഷം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവ് സൂപ്പർ മാർക്കറ്റിന്റെ പിൻവശത്തെ ഗോഡൗൺ വഴി അകത്തുകയറിയതെന്ന് കരുതുന്നു.
ഗോഡൗണിന്റെ ഷീറ്റ് മുറിച്ച ശേഷം അകത്തിറങ്ങി റാക്കിലുള്ള സാധനങ്ങൾ മാറ്റി ജനൽ കമ്പി മുറിച്ചശേഷം സൂപ്പർമാർക്കറ്റിലേക്ക് നൂഴ്ന്നുകടക്കുകയായിരുന്നു. പണം കവർന്നതിന് പുറമെ ബില്ലിങ് കൗണ്ടറിന്റെ വലിപ്പും മറ്റു സാധന സാമഗ്രികളും നശിപ്പിച്ച നിലയിലാണ്. മാസ്ക് ധരിക്കാത്തതിനാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ മുഖം വ്യക്തമാണെന്ന് മാനേജർ പറഞ്ഞു. രാവിലെ 7.30ഓടെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്.
സമാനരീതിയിൽ അടുത്തിടെ നഗരത്തിൽ പലയിടത്തും മോഷണം അരങ്ങേറിയതായി പൊലീസ് പറഞ്ഞു. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

