അന്ന്, ബാങ്കുവിളിയോട് പരിഹാസം; ഇന്ന് ഉച്ചഭാഷിണിക്കായി പ്രതിഷേധം
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: മുസ്ലിം ആരാധനാലയത്തിൽനിന്ന് പ്രാർഥന സമയം അറിയിച്ച് വിളംബരം (ബാങ്ക്) മുഴങ്ങിയപ്പോൾ, ‘എവിടെ ചെന്നാലും ഈ തലവേദന, അല്ലാക്ക് എന്താ ചെവി കേൾക്കില്ലേ’ എന്ന് ക്ഷോഭിച്ചത് ശിവമോഗ്ഗ എം.എൽ.എയായിരിക്കെ മുതിർന്ന ബി.ജെ.പി നേതാവ് മുൻമന്ത്രി കെ.എസ്. ഈശ്വരപ്പയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംഘടിപ്പിച്ച വിജയ് സങ്കൽപ യാത്ര 2023 മാർച്ച് 12ന് മംഗളൂരുവിൽ സ്വീകരണം ഏറ്റുവാങ്ങിയ വേളയിലായിരുന്നു അത്. അനേകം ഉച്ചഭാഷിണികളിലൂടെ കേട്ട ആ ആക്ഷേപം പരിഹാസ്യമാവുന്നതിനാണിപ്പോൾ നഗരം സാക്ഷിയായത്. ഉച്ചഭാഷിണി ഉപയോഗത്തിന് ജില്ല ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് എതിരെ സംഘ്പരിവാർ സംഘടിപ്പിച്ച റാലിക്ക് ബി.ജെ.പി എം.എൽ.എമാർ കൂട്ടത്തോടെ പിന്തുണയുമായെത്തി.
‘എവിടെ പോയാലും ഇതൊരു തലവേദനയാണ്. ഉച്ചഭാഷിണികളുടെ നിയന്ത്രണത്തിലുള്ള ഉപയോഗത്തെക്കുറിച്ച് സുപ്രീം കോടതി വിധിയുണ്ട്. ഇത് (ആചാരം) ഇന്നോ നാളെയോ നിർത്തും; അതിൽ യാതൊരു സംശയവുമില്ല’ എന്നായിരുന്നു അന്ന് ഈശ്വരപ്പ തുടർന്ന് പറഞ്ഞത്.
എന്നാൽ, മതപരവും സാംസ്കാരികവുമായ പരിപാടികളിൽ ജില്ല ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയാണ് ഇപ്പോൾ സംഘ്പരിവാർ പ്രതിഷേധം. മംഗളൂരു കദ്രി പാർക്കിന് സമീപമുള്ള ഗോരക്ഷ ജ്ഞാന മന്ദിറിൽ സംഘടിപ്പിച്ച റാലി യക്ഷഗാനം, നാടകങ്ങൾ, മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കുന്നതിൽ പ്രതിഷേധിച്ചു. വിശ്വഹിന്ദു പരിഷത്ത് പിന്തുണയോടെ തുളുനാട് മതപരവും സാംസ്കാരികവുമായ പൈതൃക സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
‘ആവശ്യമെങ്കിൽ, ഞാൻ എന്റെ എം.എൽ.എ സീറ്റ് ഉപേക്ഷിക്കും, പക്ഷേ ഞാൻ ഒരിക്കലും ഞങ്ങളുടെ മതവിശ്വാസം ഉപേക്ഷിക്കില്ല’ -മംഗളൂരു സൗത്ത് മണ്ഡലം ബി.ജെ.പി എം.എൽ.എ വേദവ്യാസ് കാമത്ത് ബുധനാഴ്ച പറഞ്ഞു. മറ്റു ബി.ജെ.പി എം.എൽ.എമാരായ ഭാഗീരഥി മുരുള്യ, ഉമാനാഥ് കോട്ടിയൻ, ഡോ.വൈ.ഭരത് ഷെട്ടി എന്നിവരും പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

