പൂവിൽ കൗതുകം വിരിയിച്ച ‘വന്ദേ ഭാരത്’ട്രെയിൻ
text_fieldsപൂക്കൾകൊണ്ട് നിർമിച്ച ‘വന്ദേ ഭാരത്’ട്രെയിനിന്റെ മാതൃക
മംഗളൂരു: കരാവലി ഉത്സവത്തിന്റെയും റിപ്പബ്ലിക് ദിനാഘോഷത്തിന്റെയും ഭാഗമായി കദ്രി പാർക്കിൽ പുഷ്പ-ഫല പ്രദർശനം. വർണാഭമായ പൂക്കൾകൊണ്ട് നിർമിച്ച ‘വന്ദേ ഭാരത്’ട്രെയിനിന്റെ മാതൃക ശ്രദ്ധേയമായി. വൈവിധ്യമാർന്ന പൂക്കൾകോർത്ത് 24 അടി നീളമുള്ള മൂന്ന് കോച്ചും 30 അടി നീളമുള്ള റെയിൽവേ ട്രാക്കും ഈ മാതൃകയിലുണ്ട്. ഏകദേശം 30 വ്യത്യസ്ത ഇനങ്ങളിൽ പെട്ട 15,000 ത്തോളം പൂക്കൾ ഉപയോഗിച്ചു. സാൽവിയ, ക്രിസാന്തമം, ഗ്ലോബ് അമരാന്ത്, സീനിയ, ഡയാന്തസ്, ആസ്റ്റർ, വിങ്ക റോസിയ, സെലോസിയ, ഡാലിയ, പെറ്റൂണിയ, ടോറേനിയ തുടങ്ങി നിരവധി പൂക്കൾ ഇതിൽ ഉൾപ്പെടുന്നു. പ്രദർശനം റിപ്പബ്ലിക് ദിന രാത്രി വരെ തുടരും.
കരാവലി ഉത്സവത്തിന്റെയും റിപ്പബ്ലിക് ദിനാഘോഷത്തിന്റെയും ഭാഗമായി കദ്രി പാർക്കിൽ
ആരംഭിച്ച പുഷ്പ-ഫല പ്രദർശനം ബ്രിജേഷ് ചൗട്ട എംപിയും മമത ഗാട്ടിയും സന്ദർശിക്കുന്നു
ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട പ്രദർശനം ഉദ്ഘാടനം ചെയ്തു. കശുവണ്ടി വികസന കോർപറേഷൻ ചെയർപേഴ്സൺ മമത ഗാട്ടി ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ഹോർട്ടികൾച്ചർ വകുപ്പ്, കദ്രി പാർക്ക് വികസന സമിതി, സിരി ഹോർട്ടികൾച്ചർ അസോസിയേഷനുകൾ എന്നിവ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
അടുക്കളത്തോട്ട നിർമാണം, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ ചിത്രീകരിക്കുന്ന പഴം, പച്ചക്കറി കൊത്തുപണികൾ, അലങ്കാര സസ്യങ്ങളുടെ പ്രദർശനം, ബോൺസായ് സസ്യങ്ങൾ, ഇകെബാന പുഷ്പാലങ്കാരം എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുന്നു. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. യൂനിഫോമിൽ വരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രവേശനം സൗജന്യമാണ്.
കർഷകർ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾക്കായി പ്രത്യേക വിഭാഗമുണ്ട് അതുല്യ പഴങ്ങൾ, പച്ചക്കറികൾ, തോട്ടവിളകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള അവസരവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

