ടിപ്പുവിന്റെ പ്രതിമയിൽ ചെരിപ്പുമാലയിട്ടു; റായ്ച്ചൂരിൽ സംഘർഷാവസ്ഥ
text_fieldsബംഗളൂരു: മൈസൂർ ഭരണാധികാരിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ടിപ്പു സുൽത്താന്റെ പ്രതിമയിൽ ചെരിപ്പുമാലയിട്ട സംഭവത്തെ തുടർന്ന് റായ്ച്ചൂരിലെ സിർവാർ ടൗണിൽ സംഘർഷാവസ്ഥ.
ബുധനാഴ്ച പുലർച്ചയാണ് ചില സാമൂഹിക ദ്രോഹികൾ ടിപ്പു പ്രതിമയിൽ ചെരിപ്പുമാലയിട്ടത്. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് ആളുകൾ സംഘടിച്ചെത്തി. ടിപ്പു സർക്കിളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ടിപ്പുവിനെ അപമാനിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. റോഡുകൾ തടസ്സപ്പെടുത്തിയും ടയറുകൾ കത്തിച്ചും പ്രതിഷേധം വ്യാപിച്ചതോടെ പൊലീസും രംഗത്തിറങ്ങി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

