രാജ്യത്തിന്റെ വളർച്ചക്ക് ഒത്തൊരുമയോടെ മുന്നേറണം - ഡോ. ഷക്കീൽ അഹമ്മദ്
text_fieldsബംഗളൂരു: മാനവിക മൂല്യങ്ങളിൽ അടിയുറച്ച് രാജ്യപുരോഗതിക്കായി ഒന്നിച്ച് പോരാടണമെന്ന് മേഘാലയ ചീഫ് സെക്രട്ടറി ഡോ. ഷക്കീൽ അഹമ്മദ്. എ.ഐ.കെ.എം.സി.സി ബംഗളൂരു എസ്.ടി.സി.എച്ച് മാസാന്ത്യ പാലിയേറ്റിവ് കൺവെൻഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗളൂരു കേന്ദ്രീകരിച്ച് എസ്.ടി.സി.എച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്.
ഉപജീവനത്തിനുവേണ്ടി ബംഗളൂരുവിലെത്തിയ മലയാളിയുടെ സംഘബോധത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ മാതൃകയാണ് എസ്.ടി.സി.എച്ച് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക സ്റ്റേറ്റ് ബജറ്റ് ആൻഡ് റിസോഴ്സ് ഫിനാൻസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഡോ. പി.സി. ജാഫർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷതവഹിച്ചു. ബംഗളൂരു കേരള സമാജം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത എം. ഹനീഫിനെ ഡോ. ഷക്കീൽ അഹ്മദ്, ഡോ. പി.സി. ജാഫർ എന്നിവർ മെമന്റോയും ഷാളും നൽകി ആദരിച്ചു. ബംഗളൂരുവിൽനിന്ന് വിദേശ യാത്രപോകുന്ന എ.ഐ.കെ.എം.സി.സി കോറമംഗലം ഏരിയ പ്രസിഡന്റ് ഹമീദ് മംഗളത്തിന് യാത്രയയപ്പ് നൽകി. പാലിയേറ്റിവ് മാസാന്ത്യ കലക്ഷനിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ യഥാക്രമം ഇലക്ട്രോണിക് സിറ്റി ഫേസ് ടു, ജയനഗർ, നീലസാന്ദ്ര ഏരിയ കമ്മിറ്റികളെ ആദരിച്ചു. വി.കെ. നാസർ, എം. ഹനീഫ്, നാസർ നീലസാന്ദ്ര, മുസ്തഫ താനറി റോഡ്, റഹീം ചാവശ്ശേരി, അഷ്റഫ് കമ്മനല്ലി, സിദ്ദീഖ് തങ്ങൾ, ജാസിം വാഫി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും അബ്ദുല്ല മാവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

