ആർ.സി.ബി അനുമോദനത്തിൽ ഗവർണറുടെ സാന്നിധ്യം വിവാദത്തിൽ
text_fieldsബംഗളൂരു: ഈ മാസം നാലിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) കളിക്കാരെ അനുമോദിക്കുന്നതിനായി വിധാൻ സൗധയുടെ പ്രൗഢഗംഭീരമായ പടികളിൽ നടന്ന പരിപാടിയിൽ ഗവർണർ തവാർചന്ദ് ഗെഹ്ലോട്ടിനോട് കാണിച്ച അനാദരവ്, പ്രോട്ടോകോൾ ലംഘനം എന്നീ ആരോപണങ്ങൾക്ക് മറുപടിയായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഗവർണറെ പരിപാടിയിലേക്ക് ക്ഷണിച്ചത് ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞു.
കളിക്കാർക്കായി ഗവർണറെ വേദിയിൽ കാത്തുനിൽക്കാൻ നിർബന്ധിച്ചതായും കളിക്കാർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അവഗണിച്ചതായും ആക്ഷേപം ഉയരുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ശിവകുമാർ അവകാശപ്പെട്ടത്, ‘‘ആരാണ് തന്നെ ക്ഷണിച്ചതെന്ന് ഗവർണറോടുതന്നെ ചോദിക്കണം. എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. ഏകാംഗ അന്വേഷണ കമീഷൻ വിഷയം അന്വേഷിക്കുന്നുണ്ട്, എന്റെ പ്രസ്താവനകൾ അന്വേഷണത്തെ സ്വാധീനിക്കരുത്’’ എന്നാണ്.
വിധാൻ സൗധയിൽ ആർ.സി.ബി കളിക്കാരുടെ അനുമോദന ചടങ്ങിൽ ഒന്നും സംഭവിച്ചില്ല എന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെ കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി ചോദ്യം ചെയ്തു. സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാണോ, അതോ വിധാൻ സൗധയുടെ മുഖ്യമന്ത്രി മാത്രമാണോ എന്ന് അദ്ദേഹം ആരാഞ്ഞു. പൊലീസിന്റെ മേൽ മാത്രം കുറ്റം ചുമത്തി ദുരന്തത്തിൽനിന്ന് കൈ കഴുകുന്നത് ന്യായമല്ലെന്ന് കുമാര സ്വാമി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.