പീഡനക്കേസിൽ പ്രതിയായ സ്വാമിയുടെ മഠം ഇടിച്ചുനിരത്തി
text_fieldsചിക്കോടി റായ്ബാഗ് മേഘാലി ഗ്രാമത്തിലെ മഠം അധികൃതർ പൊളിച്ചുനീക്കുന്നു, സ്വാമി ദർശകൻ
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ മഠം അധികൃതർ ഇടിച്ചുനിരത്തി. ചിക്കോടി റായ്ബാഗ് താലൂക്ക് ഭരണകൂടമാണ് വ്യാഴാഴ്ച മേഘാലി ഗ്രാമത്തിലെ ലോകേശ്വര സ്വാമിയുടെ ആശ്രമം എക്സ്കവേറ്റർ ഉപയോഗിച്ച് തകർത്തത്. റായ്ബാഗ് തഹസിൽദാർ പ്രശാന്ത് മുൻജിയുടെ മേൽനോട്ടത്തിൽ മൂന്ന് യന്ത്രങ്ങളുടെ സഹായത്തോടെയാണ് പൊളിക്കൽ നടത്തിയത്. സർവേ നമ്പർ 225ലെ എട്ട് ഏക്കർ സർക്കാർ ഭൂമി ആൾദൈവം എട്ട് വർഷം മുമ്പ് കൈയേറി ആശ്രമം നിർമിച്ചുവെന്നാണ് ആരോപണം.
ഹത്യോഗി ലോകേശ്വര സ്വാമി എന്ന വ്യാജ ആൾദൈവം ഏകദേശം വർഷമായി സർവേ നമ്പർ 225ലെ എട്ട് ഏക്കർ ഭൂമി കൈയേറി, മഠത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പരാതികൾ ഉണ്ടായിരുന്നു. കുടിയൊഴിപ്പിക്കലിനുള്ള നോട്ടീസ് നേരത്തേ നൽകിയിരുന്നു. മേയ് 21ന് അന്തിമ നോട്ടീസ് നൽകി. കുടിയൊഴിപ്പിക്കലിന് ഏഴ് ദിവസത്തെ സമയം നൽകിയിരുന്നതായും തഹസിൽദാർ പറഞ്ഞു. മേയ് 28ന് കുടിയൊഴിപ്പിക്കൽ പുറപ്പെടുവിച്ചതായും വ്യാഴാഴ്ച പൊളിച്ചുമാറ്റൽ നടത്തിയതായും തഹസിൽദാർ പറഞ്ഞു. 2017ൽ അദ്ദേഹം ഒരു തകര ഷെഡ് സ്ഥാപിച്ചു, പിന്നീട് കൂടുതൽ ഭൂമി കൈയറി.
കൈയേറ്റം നീക്കം ചെയ്യുകയും സർക്കാർ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ചയാണ് 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ ആൾദൈവം അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോക്സോ) ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ സ്വാമി പലതവണ ബലാത്സംഗം ചെയ്തതായും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
ഈ മാസം 13ന് പ്രതി പെൺകുട്ടിയെ റായ്ച്ചൂരിലേക്ക് കൊണ്ടുപോയി രണ്ട് ദിവസം അവിടെ താമസിച്ചു. 15ന് ബാഗൽകോട്ടിലേക്ക് കൊണ്ടുപോയി രണ്ട് ദിവസം അവിടെ താമസിപ്പിച്ച് പീഡിപ്പിച്ചു. പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് മെയ് 17 ന് ബാഗൽകോട്ട് ജില്ലയിലെ മഹാലിംഗപുര ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു. പെൺകുട്ടി തന്റെ മാതാപിതാക്കളോട് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

