കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 22 മുതൽ കോഴിക്കോട് ബീച്ചില്‍
text_fieldsബംഗളൂരു: ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാറിന്‍റെയും കേരള ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 ജനുവരി 22 മുതൽ 25 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുമെന്ന് ഡി.സി ബുക്സ് ഉടമ രവി ഡീസി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യോത്സവത്തിന്‍റെ ഒമ്പതാം പതിപ്പാണിത്.
നൊബേൽ സമ്മാന ജേതാക്കളായ അബ്ദുൽ റസാഖ് ഗുർണ, ഓൾഗ ടോകാർ ചുക്ക്, അഭിജിത് ബാനർജി, ഒളിമ്പ്യൻ ബെൻ ജോൺസൺ, ഇന്ദ്ര നൂയി, കലാകാരനും ചിത്രകാരനുമായ ചെയെൻ ഒലിവിയർ, എഴുത്തുകാരി ഗബ്രിയേല ഇബാറ, സാമ്പത്തിക ശാസ്ത്രജ്ഞൻ അരവിന്ദ് സുബ്രഹ്മണ്യൻ, ഭാഷാശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ പെഗ്ഗി മോഹൻ,
എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡെ, എഴുത്തുകാരിയും മുൻ നയതന്ത്രജ്ഞയുമായ അമിഷ് ത്രിപാഠി, നടനും ഗായകനുമായ പിയൂഷ് മിശ്ര, ക്യൂറേറ്റർ ഹെലൻ മോൾസ്‌വർത്ത്, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ബാനു മുഷ്താഖ്, പത്രപ്രവർത്തക ദീപ ഭാസ്തി എന്നിവർ പങ്കെടുക്കും.
ഇത്തവണ ജര്‍മൻ എഴുത്തുകാർ അതിഥിയായെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജർമനിയും കേരളവും തമ്മില്‍ ചരിത്രപരമായ ബന്ധമുണ്ടെന്നും ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലൂടെ ആ ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഗോയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ട് മാക്സ് മുള്ളർ ഭവൻ ബംഗളൂരു ഡയറക്ടർ മൈക്കൽ ഹെയ്ൻസ്റ്റ് പറഞ്ഞു.
ഫെസ്റ്റിവല്‍ ലോഗോ ഹെര്‍മന്‍ ഗുണ്ടര്‍ട്ടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ്. 2016ലാണ് ഫെസ്റ്റിവെല്‍ ആരംഭിച്ചത്. കഴിഞ്ഞ വർഷം 6,50,000ൽ അധികം സന്ദർശകരും 600ൽ അധികം പ്രഭാഷകരും പങ്കെടുത്തിരുന്നു. സാഹിത്യം, കല, സംഗീതം, സിനിമ എന്നിവയുടെ സമന്വയ വേദിയായി ഫെസ്റ്റിവല്‍ മാറിയെന്നും രവി ഡീസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

