4000 കോടിയുടെ 120 ഏക്കർ വനഭൂമി സർക്കാർ തിരിച്ചുപിടിച്ചു
text_fieldsബംഗളൂരു: കടുഗോഡി തോട്ടത്തിൽ കൈയേറിയ 4,000 കോടി രൂപ വിലമതിക്കുന്ന 120 ഏക്കർ വനഭൂമി തിങ്കളാഴ്ച കർണാടക സർക്കാർ തിരിച്ചുപിടിച്ചു. സംസ്ഥാന വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ഖന്ദ്രെയുടെ നിർദേശപ്രകാരമാണ് കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടി ആരംഭിച്ചത്. ബംഗളൂരു ഈസ്റ്റ് താലൂക്കിലെ ബിദരഹള്ളി ഹോബാലിയിൽ സ്ഥിതി ചെയ്യുന്ന കടുഗോഡി തോട്ടം വനഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി ബംഗളൂരു അർബൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച പുലർച്ച എക്സ്കവേറ്ററുകൾ ഉപയോഗിച്ച് പ്രവർത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതിരുകൾ വേർതിരിച്ച് വേലികൾ സ്ഥാപിച്ചു. ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി തദ്ദേശീയ ജീവിവർഗങ്ങളുടെ തൈകൾ നടാൻ തുടങ്ങി. വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി അടുത്തിടെ നടന്ന അവലോകനയോഗത്തിൽ ബംഗളൂരുവിന്റെ ‘ചുരുങ്ങിവരുന്ന’ പച്ചപ്പ് സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത മന്ത്രി ഖാൻഡ്രെ ഊന്നിപ്പറഞ്ഞിരുന്നു.ബംഗളൂരു അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോൾ, നഗരത്തിലെ പച്ചപ്പ് ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.
ഹരിത മേഖലകളെ സുപ്രധാനമായ വിശ്രമ ഇടങ്ങളായി സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്, നിയമപ്രകാരം വനഭൂമി കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഖന്ദ്രെ വനം മന്ത്രിയായി ചുമതലയേറ്റതിനുശേഷം കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബംഗളൂരുവിൽ 128 ഏക്കർ വനഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. തിങ്കളാഴ്ചത്തെ 120 ഏക്കർകൂടി ചേർത്തതോടെ ആകെ 248 ഏക്കർ തിരിച്ചുപിടിച്ചു, ഏകദേശം 8,000 കോടി രൂപ വിപണിമൂല്യം കണക്കാക്കുന്നുവെന്ന് വനം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

