വാർത്ത എഴുതിയതിന് ജയിലിലടക്കപ്പെട്ട ആദ്യ മാധ്യമ പ്രവർത്തകൻ
text_fieldsബംഗളൂരു: വാർത്ത നൽകിയതിന് സ്വതന്ത്ര ഇന്ത്യയിൽ ജയിലിലടക്കപ്പെട്ട ആദ്യ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ചരിത്രത്തിലിടം നേടിയ ആളാണ് മാധ്യമരംഗത്തെ കുലപതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ടി.ജെ.എസ്. ജോർജ്. മുംബൈയിലെ ദീർഘകാലത്തെ പത്രപ്രവർത്തന ജീവിതത്തിനുശേഷമാണ് ഇദ്ദേഹം ബിഹാറിൽ കെ.കെ. ബിർളയുടെ ‘സെർച്ച് ലൈറ്റ്’ എന്ന പത്രത്തിൽ ചേരുന്നത്. അന്ന് നിർഭയ പത്രപ്രവർത്തനത്തിനുപറ്റിയ സാഹചര്യമല്ലായിരുന്നു ബിഹാറിൽ. 1965 കാലഘട്ടത്തിൽ വിദ്യാർഥി പ്രക്ഷോഭത്തിനു നടുവിലായിരുന്നു ബിഹാർ. വിദ്യാർഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതക്കുന്ന വാർത്തയും പടങ്ങളും പിറ്റേന്നത്തെ പത്രത്തിൽ ഒന്നാംപേജിൽ അടിച്ചുവന്നു. ഇത് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തെ ആളിക്കത്തിച്ചു. കെ.ബി. സഹായി ആയിരുന്നു മുഖ്യമന്ത്രി. വാർത്തയിൽ പ്രകോപിതനായ മുഖ്യമന്ത്രി ടി.ജെ.എസിനെതിരെ കേസെടുത്ത് ജയിലിലടച്ചു. 21 ദിവസം അദ്ദേഹം ജയിൽവാസം അനുഷ്ഠിച്ചു.
എഴുതാൻ വേണ്ടി എഴുതിയില്ല
നിരവധി ജീവചരിത്രങ്ങൾ വായനക്കാർക്ക് സമ്മാനിച്ച ടി.ജെ.എസ്. ജോർജ് എഴുതാൻ വേണ്ടി മാത്രം, അറിയാത്തതൊന്നും എഴുതിയിട്ടില്ല. ഒരാളെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹം വിഹരിക്കുന്ന മേഖലയിലെ സൂക്ഷ്മാംശങ്ങൾ പോലും പഠിച്ചു. കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയെക്കുറിച്ചെഴുതാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്ക് കർണാടക സംഗീതത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നതായിരുന്നു അദ്ദേഹത്തെ പിന്നോട്ടുവലിച്ചത്. എന്നാൽ, പത്തുവർഷങ്ങൾക്കപ്പുറം 2007ൽ ‘എം.എസ്: സംഗീതത്തിൽ ഒരു ജീവിതം’ എന്ന അദ്ദേഹത്തിന്റെ പുസ്തകമിറങ്ങി.
സുബ്ബലക്ഷ്മിയുടെ ജീവിതം മാത്രമല്ല അനേകം അടരുകളുള്ള കർണാടക സംഗീതത്തെക്കുറിച്ചുള്ള സകല വിവരങ്ങളും പുസ്തകത്തിലുണ്ടായിരുന്നു എന്ന് എഴുത്തുകാരൻ കൂടിയായ പി.ടി. നരേന്ദ്രമേനോൻ ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ആറേഴു വർഷമാണ് ടി.ജെ.എസ്, എം.എസിന്റെ ജീവിതവും സംഗീതവും പഠിക്കാനെടുത്തത്. എം.എസിന്റെ ആരുമറിയാത്ത പ്രണയകഥ പുറത്തുവന്നത് ഈ പുസ്തകത്തിലൂടെ ആയിരുന്നു എന്നും നരേന്ദ്രമേനോൻ പറയുന്നു. വി.കെ. കൃഷ്ണമേനോൻ, പോത്തൻ ജോസഫ്, സിംഗപ്പൂർ പ്രധാനമന്ത്രി ലീക്വൻ യൂ, നർഗീസ് ദത്ത്, ജയലളിത തുടങ്ങിയ നിരവധി പേരുടെ ജീവിതമാണ് ടി.ജെ.എസിന്റെ വരികളിലൂടെ പുറംലോകത്തെത്തിയത്.
യാത്രപറയാൻ ഇപ്പോഴാണ് സമയം
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ എഴുതിയിരുന്ന ‘പോയന്റ് ഓഫ് വ്യൂ’ എന്ന കോളത്തിലൂടെയാണ് ടി.ജെ.എസ്. ജോർജ് സാധാരണക്കാരായ വായനക്കാരിലേക്കെത്തുന്നത്. 2022വരെ 25 വർഷം അദ്ദേഹം കോളമെഴുതി. ആക്ഷേപഹാസ്യവും നർമവും കലർന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് ആരാധകർ ഏറെയായിരുന്നു. 1997ൽ തുടങ്ങിയ കോളത്തിന് തിരശ്ശീല വീണത് 2022 ജൂൺ 12നായിരുന്നു. ഇതായിരുന്നു അവസാന കോളത്തിന്റെ തലക്കെട്ട് ‘യാത്ര പറയാൻ ഇപ്പോഴാണ് സമയം’ (നൗ ഈസ് ദ ടൈം ടു സേ ഗുഡ്ബൈ).
‘അക്ഷര’യുടെ തണലിൽ
പത്തനംതിട്ടക്കാരനായ ടി.ജെ.എസ്. ജോർജ് ഏറെക്കാലം ചെലവഴിച്ചത് ബംഗളൂരുവിലായിരുന്നു. 1981ലാണ് നഗരത്തിൽ രാജ്മഹൽ വിലാസിലെ ‘അക്ഷര’ എന്ന വസതി നിർമിച്ചത്. പൊതുപരിപാടികളിൽ സജീവമാകാറില്ലെങ്കിലും സൗഹൃദക്കൂട്ടായ്മകളാൽ സമ്പന്നമായിരുന്നു അക്ഷര. ആതിഥേയയായിരുന്ന അമ്മു (അമ്മിണി തോമസ്) കഴിഞ്ഞ ജനുവരിയിലാണ് വിടപറഞ്ഞത്. മൂവാറ്റുപുഴ സ്വദേശിനിയായിരുന്ന ഇവരുടെ മൃതദേഹം സംസ്കാരചടങ്ങുകൾ ഒഴിവാക്കി മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറുകയായിരുന്നു.
ഏറെ വിദേശരാജ്യങ്ങൾ സന്ദർശിച്ച്, അവിടങ്ങളിലെല്ലാം ആഴത്തിലുള്ള സൗഹൃദങ്ങളുണ്ടാക്കിയ ടി.ജെ.എസ്. ജീവിക്കാനിഷ്ടപ്പെട്ടത് ഇന്ത്യയിലായിരുന്നു.വിദേശ രാജ്യങ്ങളിൽ എന്തൊക്കെ സൗകര്യങ്ങളുണ്ടായാലും ഇന്ത്യക്കാരൻ രണ്ടാം തരം പൗരനായിരിക്കുമെന്നും ഭാഷയറിയാതെ മക്കളും വിദേശികളായി വളരുമെന്നാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

