വീട്ടുകാരുടെ കൊമ്പുകോർക്കൽ
text_fieldsശിവമൊഗ്ഗ ജില്ലയിലെ സൊറാബ മണ്ഡലം:
ബംഗളൂരു: കർണാടക മുൻമുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മക്കൾ നേർക്കുനേർ ഏറ്റുമുട്ടുന്നു. ബി.ജെ.പി സിറ്റിങ് എം.എൽ.എയും നടനുമായ കുമാർ ബംഗാരപ്പ ബി.ജെ.പി സ്ഥാനാർഥിയായും അനിയനും സിനിമ നിർമാതാവുമായ മധു ബംഗാരപ്പ കോൺഗ്രസിനായും മത്സരിക്കുന്നു. ഇവർ പലവട്ടം പാർട്ടികൾ മാറിമാറി പരീക്ഷിച്ചിട്ടുണ്ട്.
അച്ഛൻ ഏഴു തവണ തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ മക്കൾ ഏറ്റുമുട്ടുന്നത് അഞ്ചാം തവണ. ഇവരുടെ സഹോദരിയും കന്നട സൂപ്പർ താരം ശിവ രാജ്കുമാറിന്റെ ഭാര്യയുമായ ഗീതയുടെ പിന്തുണ മധുവിന്. ശിവരാജ്കുമാറും കോൺഗ്രസിന്റെ പ്രചാരണത്തിനുണ്ട്.
കലബുറഗിയിലെ അഫ്സൽപൂർ മണ്ഡലം:
ബി.ജെ.പിയുടെ മല്ലികയ്യ ഗുട്ടേദാറിനെതിരെ സഹോദരൻ നിതിൻ വി. ഗുട്ടേദാർ സ്വതന്ത്രനായി മത്സരിക്കുന്നു. മല്ലികയ്യ ആറുതവണ ഇവിടെനിന്ന് എം.എൽ.എയായി (നാല് തവണ കോൺഗ്രസ് ടിക്കറ്റിൽ, ഓരോ തവണ കർണാടക കോൺഗ്രസ് പാർട്ടി, ജെ.ഡി.എസ് ടിക്കറ്റിലും). പിന്നീട് ബി.ജെ.പിയിൽ എത്തി. മൂന്നുതവണ എം.എൽ.എയായ എം.വൈ. പാട്ടീൽ തന്നെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.
ബെള്ളാരി സിറ്റി മണ്ഡലം:
ബി.ജെ.പി സിറ്റിങ് എം.എൽ.എ സോമശേഖര റെഡ്ഡിക്കെതിരെ മത്സരിക്കുന്നത് സഹോദരൻ ജി. ജനാർദന റെഡ്ഡിയുടെ ഭാര്യ അരുണ ലക്ഷ്മി. 2019ൽ ‘ഓപറേഷൻ താമര’യിലൂടെ ബി.ജെ.പി സർക്കാർ ഉണ്ടാക്കുന്നതിന് കോടികൾ എറിഞ്ഞ വിവാദ ഖനനരാജാവാണ് ജനാർദന റെഡ്ഡി. ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് രൂപവത്കരിച്ച കർണാടക രാജ്യ പ്രഗതിപക്ഷയുടെ (കെ.ആർ.പി.) ‘ഫുട്ബാൾ’ ചിഹ്നത്തിലാണ് അരുണയുടെ മത്സരം. കഴിഞ്ഞ തവണ സോമശേഖര റെഡ്ഡി 16,155 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിനെ തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

