തലസ്ഥാന നഗരിയുടെ യശസ്സ് ആകാശം മുട്ടും; യശ്വന്ത്പുർ എം.എൽ.എയുടെ സാക്ഷ്യം
text_fieldsഎസ്.ടി. സോമശേഖർ
ബംഗളൂരു: കർണാടക ആസ്ഥാന നഗരത്തിന്റെ യശസ്സ് ഇനി ആകാശം മുട്ടും. ബംഗളൂരുവിന്റെ അടിസ്ഥാനസൗകര്യ വികസനത്തുടർച്ചക്കും നവ പദ്ധതികൾക്കുമായി സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയതിനെ പക്ഷംമറന്ന് പ്രശംസിച്ച് യശ്വന്ത്പുർ എം.എൽ.എ എസ്.ടി. സോമശേഖർ രംഗത്തുവന്നു. പ്രതിപക്ഷനിരയിലെ മുതിർന്ന ബി.ജെ.പി നേതാവായ ഇദ്ദേഹം മുൻ മന്ത്രികൂടിയാണ്. ‘ബംഗളൂരു വികസനത്തിന് ഊന്നൽ നൽകിയ ബജറ്റിന് താൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും അനുമോദിക്കുന്നു’ -സോമശേഖർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബംഗളൂരു ലോകോത്തര വികസനം നേടുന്നതിന്റെ അടയാളമായി 250 മീറ്റർ ഉയരത്തിൽ ആകാശഗോപുരം പണിയാൻ ബജറ്റിൽ തുകയുണ്ട്.ബി.എം.ടി.സി 1334 പുതിയ വൈദ്യുതിബസുകൾ വാങ്ങും. 820 ഡീസൽ ബസുകൾ വാങ്ങാനുള്ള തുക അനുവദിച്ചിട്ടുണ്ട്. കേന്ദ്രവുമായി സഹകരിച്ച് ബംഗളൂരുവിൽ സയൻസ് സിറ്റി സ്ഥാപിക്കും. പ്രതീക്ഷിക്കുന്ന ചെലവ് 233 കോടിയാണ്.ബംഗളൂരുവിൽ 2000 ഏക്കറിൽ നോളജ്, ഹെൽത്ത് കെയർ, ഇന്നൊവേഷൻ ആൻഡ് റിസർച്ച് സിറ്റി (കെ.എച്ച്. ഐ.ആർ) ഫണ്ട് നീക്കിവെച്ചു. ബംഗളൂരു വിമാനത്താവളത്തിനു സമീപം 817 കോടി ചെലവിൽ ബിസിനസ് പാർക്ക് വരും.കുടിവെള്ളമെത്താത്ത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ 5550 കോടി ചെലവിൽ കാവേരി അഞ്ചാംഘട്ടം പദ്ധതി നടപ്പാക്കും.
ബംഗളൂരു കെ.സി. ജനറൽ ആശുപത്രിയിൽ കെട്ടിടം നിർമിക്കാനും മറ്റ് അടിസ്ഥാനസൗകര്യങ്ങൾക്കും 150 കോടിയുണ്ട്. കോർപറേഷനുമായും ബെസ്കോമുമായി സഹകരിച്ച് നഗരത്തിൽ സോളാർ പാർക്ക്, നഗരാതിർത്തികളിൽ നാലു മാലിന്യസംസ്കരണ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കും.നഗരപരിധിയിൽ വ്യാപാരസ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും രാത്രി ഒരു മണി വരെ പ്രവർത്തിക്കാം. ഗതാഗതത്തിരക്കിന് പരിഹാരമായി ബേക്കറി ജങ്ഷൻ മുതൽ ഹെബ്ബാൾ ജങ്ഷൻ വരെ മൂന്നു കിലോമീറ്റർ ഭൂഗർഭ പാത നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

