കർണാടകയിൽ ഇനി ഡി.കെ യുഗം
text_fieldsനിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡൽഹിയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം
ബംഗളൂരു: ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ അഥവാ ഡി.കെ.എസ് എന്നറിയപ്പെടുന്ന ഡി.കെ.ശിവകുമാർ കർണാടകയിൽ നിന്നുള്ള കരുത്തനായ കോൺഗ്രസ് നേതാവാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന്റെ മുഖമായി തലയുയർത്തി, നെഞ്ചുവിരിച്ചു നിന്ന ഡി.കെയ്ക്ക് അനുയായികളും ആരാധകരുമുണ്ട്.
എട്ട് തവണ നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായി പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന ഉപ-മുഖ്യമന്ത്രിയും കർണാടക പി.സി.സിയുടെ പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചു. 1962 മെയ് 15ന് കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയിലുള്ള വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടേയും ഗൗരമ്മയുടേയും മകനായ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലെ ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളജിൽ നിന്ന് ബിരുദവും കർണാടക ഓപൺ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എ ബിരുദവും കരസ്ഥമക്കി. കാമ്പസ് കാലഘട്ടത്തിലാണ് ശിവകുമാർ രാഷ്ട്രീയകളരിയിലേക്ക് പ്രവേശിച്ചത്.
രാഷ്ട്രീയ ജീവിതം
1982ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1985-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സത്തന്നൂരിൽ എച്ച്.ഡി. ദേവഗൗഡക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 1989ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സത്തന്നൂരിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2004 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2008ൽ മണ്ഡല പുനർനിർണയം നടന്നതിനെ തുടർന്ന് കനകപുരയിലേക്ക് മാറുകയും 2008, 2013, 2018, 2023 എന്നീ വർഷങ്ങളിൽ കനകപുരയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദേശീയ തലത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രധാന 'ട്രബിൾഷൂട്ടർ' ആയാണ് ഡി.കെ. ശിവകുമാർ അറിയപ്പെടുന്നത്. പാർട്ടിയിലെ വലിയ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും, വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ കോൺഗ്രസ് എം.എ.ൽ.എമാരെ കൂറുമാറ്റത്തിൽ നിന്ന് സംരക്ഷിക്കാനും പാർട്ടി ഹൈക്കമാൻഡ് സധൈര്യം ഏല്‍പ്പിക്കുന്നത് അദ്ദേഹത്തെയാണ്.
സഹോദരൻ ഡി.കെ. സുരേഷ് കർണാടക രാഷ്ട്രീയത്തിലെ ശക്തനായ നേതാവും ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽ നിന്നുള്ള മുൻ ലോക്സഭാ എം.പിയുമാണ്. ഡി.കെയുടെ കരുത്തും സഹോദരനാണ്. ഭാര്യ: ഉഷ ശിവകുമാര്‍. മക്കള്‍: ഐശ്വര്യ, ആഭരണ, ആകാശ്. ശിവകുമാറിന്‍റെ മൂത്ത മകൾ ഐശ്വര്യ വിവാഹം കഴിച്ചത് പ്രശസ്ത വ്യവസായിയും ‘കഫേ കോഫി ഡേ’ സ്ഥാപകനുമായിരുന്ന പരേതനായ വി.ജി. സിദ്ധാർത്ഥയുടെ മകൻ അമർത്യ ഹെഗ്‌ഡെയെയാണ്. മുൻ കർണാടക മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന മുതിർന്ന നേതാവ് എസ്.എം. കൃഷ്ണയുടെ കൊച്ചുമകൻ കൂടിയാണ് അമർത്യ. ഇതോടെ കർണാടകയിലെ രാഷ്ട്രീയ-ബിസിനസ്സ് പാരമ്പര്യത്തിലേക്ക് ശിവകുമാര്‍ കടന്നുചെന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഡി.കെ. ശിവകുമാർ. റിയൽ എസ്റ്റേറ്റ്, ഖനനം, വിദ്യാഭ്യാസം എന്നീ മേഖലകളിലായി അദ്ദേഹത്തിന്‍റെ ബിസിനസ്സ് സാമ്രാജ്യം വ്യാപിച്ച് കിടക്കുന്നു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ
2018ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബി.ജെ.പി വലിയ ഒറ്റകക്ഷിയായ സാഹചര്യത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്ക് മുൻകൈ എടുത്ത് നേതൃത്വം നൽകിയത് ശിവകുമാറായിരുന്നു. 2019 വരെ നീണ്ടുനിന്ന ഈ സഖ്യസർക്കാരിൽ 80 അംഗങ്ങളുള്ള കോൺഗ്രസ് എം.എൽ.എമാർ 37 അംഗങ്ങളുള്ള ജനതാദൾ സെക്കുലർ പാർട്ടിക്ക് പിന്തുണ നൽകി. സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണയോടെയാണ് അന്ന് സർക്കാർ രൂപവത്കരിച്ചത്. ഇതിലൂടെ ജനതാദൾ സെക്കുലർ നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായും മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര ഉപ മുഖ്യമന്ത്രിയായും സ്ഥാനമേറ്റു.
2017ൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള 42 കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിൽ താമസിപ്പിക്കാൻ മുൻകൈ എടുത്തത് ശിവകുമാറാണ്. ഈ നീക്കം ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ വിജയത്തിന് കാരണമായി മാറി.
2023 മെയ് മുതൽ കർണാടക ഉപമുഖ്യമന്ത്രി എന്നതിന് പുറമെ ജലവിഭവ വകുപ്പ് മന്ത്രി, ബംഗളൂരു വികസന വകുപ്പ് മന്ത്രി, ബംഗളൂരു അർബൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്നീ പദവികളുമുണ്ട്. 2020 മുതൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

