പിതൃത്വമറിയാനും സ്വത്തിനും അവകാശം നൽകി ദേവദാസി നിയമം ഭേദഗതി ചെയ്യുന്നു
text_fieldsബംഗളൂരു: ദേവദാസി ( പ്രതിരോധം, നിരോധനം, ആശ്വാസം, പുനരധിവാസം) നിയമം കർണാടകയിലെ കോൺഗ്രസ് സർക്കാർ ഭേദഗതി ചെയ്യുന്നു. നിലവിലുള്ള നിയമത്തിൽ രണ്ടു പ്രധാന കൂട്ടിച്ചേർക്കലുകൾ വരുത്തി പുതുക്കിയ ബിൽ ഈ മാസം ഏഴിന് തുടങ്ങുന്ന കർണാടക നിയമസഭ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
ദേവദാസികൾക്ക് ജനിക്കുന്ന കുട്ടികൾക്ക് അവരുടെ പിതാവിനെ തിരിച്ചറിയാനും മാതാപിതാക്കളുടെ സ്വത്തിനും അവകാശം നൽകുന്ന വ്യവസ്ഥകളാണ് കൂട്ടിച്ചേർക്കുന്നത്. സംസ്ഥാനത്ത് 15 ജില്ലകളിൽ നിലനിൽക്കുന്ന ദേവദാസി സമ്പ്രദായം നിരോധിക്കുന്നതിലാണ് നിലവിലെ നിയമം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അരികുവത്കരിക്കപ്പെട്ട സമുദായങ്ങളിലെ പെൺകുട്ടികളെ ദൈവത്തിന് സമർപ്പിക്കുന്ന ആചാരമാണ്ദേവദാസി സമ്പ്രദായം. ഇത് പലപ്പോഴും അവരെ ജീവിതകാലം മുഴുവൻ ലൈംഗിക അടിമത്തത്തിലേക്ക് തള്ളിവിടുന്നു. നിരോധന നിയമം നിലനിൽക്കെതന്നെ ദേവദാസി സമ്പ്രദായം ആചരിക്കുന്നതിന് തടയിടാൻ പുതിയ വ്യവസ്ഥകൾ സഹായകമാവും എന്ന നിരീക്ഷണതത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.ഇതുസംബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പ് മന്ത്രിസഭ കുറിപ്പ് തയാറാക്കി മറ്റ് 20 വകുപ്പുകളുടെ അഭിപ്രായങ്ങൾ തേടി അയച്ചിരുന്നു. 1982ലെ കർണാടക ദേവദാസികൾ (സമർപ്പണ നിരോധനം) നിയമപ്രകാരം കർണാടകയിൽ ദേവദാസി സമ്പ്രദായം നിരോധിച്ചെങ്കിലും ചില മേഖലകളിൽ രഹസ്യമായിട്ടാണെങ്കിലും തുടരുന്നുണ്ട്.
നിലവിലുള്ള സമ്പ്രദായത്തിൽ ദേവദാസികളുടെ പുരുഷ പങ്കാളികൾ കുട്ടിയെ തന്റേതാണെന്ന് അംഗീകരിക്കുകയോ പിതൃപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ല. പുതിയ ബിൽ ദേവദാസിയിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും അവരുടെ പിതാവിനെ തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന് (ഭേദഗതി -അഞ്ച്) നിർദേശിക്കുന്നു. സ്വത്തവകാശവും(ഭേദഗതി എട്ട്) ഉറപ്പ് നൽകുന്നു
‘‘പ്രതിരോധം മുതൽ പുനരധിവാസം വരെയുള്ള എല്ലാ വശങ്ങളും ബില്ലിൽ ശ്രദ്ധിച്ചിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങളിൽ ഒന്നിലധികം വകുപ്പുകൾക്ക് പങ്കുണ്ട്. അവരിൽനിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. അത് ലഭിച്ചുകഴിഞ്ഞാൽ മന്ത്രിസഭക്ക് മുന്നിൽ വെക്കും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും’’-വനിതാ-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷംല ഇഖ്ബാൽ പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

