മന്ത്രിയുടെ കാറിൽ ഇടിച്ച കണ്ടെയ്‌നർ ലോറി നിർത്താതെ പോയി -എസ്.പി
text_fieldsബംഗളൂരു: മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ അപകട കാരണം കാറിൽ കണ്ടെയ്‌നർ ലോറി ഇടിച്ചതാണെന്ന് ബെളഗാവി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ.ഭീമശങ്കർ എസ് ഗുലേദ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ഗുലേദ് കിറ്റൂർ താലൂക്കിലെ അമ്പടഗട്ടി ക്രോസിന് സമീപം നായ റോഡ് മുറിച്ച് കടക്കാതിരിക്കാൻ മന്ത്രിയുടെ ഔദ്യോഗിക വാഹനം വെട്ടിച്ചതാണ് അപകട കാരണമെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ എതിർ ദിശയിൽ വന്ന കണ്ടെയ്‌നർ കാറിൽ ഇടിച്ചതിനെത്തുടർന്ന് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാർ ഇടത്തേക്ക് തിരിയുകയും സർവീസ് റോഡിലെ മരത്തിൽ ഇടിക്കുകയുമായിരുന്നു. സംഭവസമയം മന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹം ഉണ്ടായിരുന്നില്ല.
അപകടമുണ്ടായ ശേഷം കണ്ടെയ്‌നർ ലോറി നിർത്താതെ പോവുകയായിരുന്നു. മന്ത്രിയുടെ ഗൺമാൻ ഈരപ്പയാണ് സംഭവത്തിൽ ആദ്യം പരാതി നൽകിയത്. എന്നാൽ പരാതിയിൽ വ്യക്തതയുണ്ടായിരുന്നില്ല. പിന്നീട് മന്ത്രിയുടെ ഡ്രൈവർ കൂടുതൽ വിവരങ്ങൾ പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് അപകടത്തിൽ തകർന്ന വാഹനം സംഭവ സ്ഥലത്ത് നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് എസ്.പി മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

