കേന്ദ്രം പ്രാദേശിക ഭാഷകളെ അവഗണിക്കുന്നു -നഡോജ ഹംപ നാഗരാജയ്യ
text_fieldsബംഗളൂരു: സംസ്കൃതത്തിന് വേണ്ടിയുള്ള പ്രചാരണത്തിൽ കേന്ദ്രം പ്രാദേശിക ഭാഷകളെ അവഗണിക്കുന്നുവെന്ന് പണ്ഡിതന് നഡോജ ഹംപ നാഗരാജയ്യ ആരോപിച്ചു. ബംഗളൂരുവിലെ കൊണ്ടജ്ജി ബസപ്പ ഹാളിൽ നടന്ന ദ്വിദിന സമാജമുഖി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ഭാഷ, ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉന്നയിക്കുന്ന കേന്ദ്രസർക്കാർ പ്രാദേശിക ഭാഷകളെ അടിച്ചമർത്തുന്നു. ദേശീയ ബജറ്റിന്റെ ഒരു പ്രധാന ഭാഗം സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
11 വര്‍ഷത്തിനിടെ സംസ്കൃതത്തിനായി 2532.59 കോടി ചെലവഴിച്ച കേന്ദ്ര സര്‍ക്കാര്‍ ദ്രാവിഡ ഭാഷകളുടെ വളര്‍ച്ചക്കായി വളരെ ചെറിയ തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. തമിഴിന് 113.4 കോടി, തെലുങ്കിന് 12.65 കോടി, കന്നടക്ക് 12.28 കോടി, മലയാളത്തിന് 4.52 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. കോടിക്കണക്കിന് ആളുകള്‍ സംസാരിക്കുന്ന ഭാഷകള്‍ക്കായി വളരെ കുറഞ്ഞ തുകയും കുറച്ച് ആളുകള്‍ മാത്രം സംസാരിക്കുന്ന ഭാഷക്ക് കൂടുതല്‍ തുകയും അനുവദിക്കുന്നത് അന്യായമാണ്. സംസ്കൃതവും ഹിന്ദിയും ക്ലാസിക്കൽ ഭാഷകളാണ്.
പക്ഷേ, അത് അടിച്ചേകരുത്. കേന്ദ്രത്തിന്റെ സമീപനത്തെ എതിര്‍ക്കണം. ഇന്ത്യയില്‍ 14 സംസ്കൃത സര്‍വകലാശാലകളുണ്ട്. പക്ഷേ, മറ്റു ഭാഷകള്‍ക്കായി ഒരു സര്‍വകലാശാല പോലുമില്ല. കേന്ദ്ര സര്‍ക്കാറിന്റെ സമീപനം ജനാധിപത്യം തകരാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഫ. ബരാഗൂർ രാമചന്ദ്രപ്പ, സാംസ്കാരിക ചിന്തകൻ എച്ച്.എസ്. ശിവപ്രകാശ്, ആന്ധ്രയിലെ ആദായനികുതി കമീഷണറും സമാജമുഖി മാസികയുടെ സ്ഥാപകനുമായ ജയറാം റായപുർ എന്നിവര്‍ സംസാരിച്ചു. വത്സല മോഹൻ പരിപാടി നിയന്ത്രിച്ചു. പ്രഫ. ജ്യോതി, എഴുത്തുകാരി എച്ച്.ആർ. സുജാത, തിയറ്റർ ആർട്ടിസ്റ്റ് ശശിധർ ഭരിഘട്ട് എന്നിവർ പങ്കെടുത്തു. ആനന്ദ് രാജീ അരസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

