ചരക്കുലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഇരിക്കൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു
text_fieldsമുഹമ്മദ്
റാഷിദ്
ബംഗളൂരു: കേരളത്തിൽനിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ചരക്കുലോറി ഡിവൈഡറിൽ ഇടിച്ച് അപകടം. ലോറി ഡ്രൈവറായ കണ്ണൂർ ഇരിക്കൂർ സ്വദേശി എം.പി. മുഹമ്മദ് റാഷിദ് (27) മരിച്ചു. ഞായറാഴ്ച പുലർച്ച നാലോടെ രാമനഗര ബിഡദിക്ക് സമീപം നാനഹള്ളിയിലാണ് അപകടം നടന്നത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ദീൻ (43), ഷംനാസ് (15), ഷംന (10), ഷംസ (10) എന്നിവരെ പരിക്കുകളോടെ കെങ്കേരി ബി.ജി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട ലോറി
ലോറിയിലുണ്ടായിരുന്നവരെ നാട്ടുകാരും കെ.എം.സി.സി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. രാമനഗര ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം റാഷിദിന്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: യൂസുഫ്, മാതാവ്: ത്വാഹിറ. സഹോദരങ്ങൾ: റജില, നിഹാൽ. പരിക്കേറ്റവരെ തുടർചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

