കാറിൽ ബൈക്കിടിച്ചു; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടു
text_fieldsഅപകടസ്ഥലത്തുനിന്ന് പകർത്തിയത്. ഭവാനി രേവണ്ണയെ
ചിത്രത്തിൽ കാണാം
ബംഗളൂരു: തന്റെ ആഡംബര കാറിൽ ബൈക്കിടിച്ചതിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ജെ.ഡി-എസ് നേതാവ് ഭവാനി രേവണ്ണ. ജെ.ഡി-എസ് എം.എൽ.എയും പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. രേവണ്ണയുടെ ഭാര്യയാണ് ഭവാനി. മൈസൂരു കെ.ആർ നഗറിലേക്ക് യാത്ര ചെയ്യവെ സാലിഗ്രാമയിലെ രാമപുര ജങ്ഷനിൽ കഴിഞ്ഞദിവസമായിരുന്നു അപകടം.
രണ്ടു ഗ്രാമവാസികൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ഭവാനി സഞ്ചരിച്ച ടൊയോട്ട വെൽഫയർ കാറിലിടിച്ചത്. 1.5 കോടി വിലവരുന്നതാണ് വാഹനം. അപകടത്തെതുടർന്ന് കാറിൽനിന്നിറങ്ങിയ ഭവാനി, ബൈക്ക് യാത്രികരോട് കയർത്തതായും പരാതിയുണ്ട്. നിങ്ങൾക്ക് മരിക്കണമെങ്കിൽ ബസിൽ പോയിടിക്കാനും ഇത് ഒന്നരക്കോടി വിലവരുന്ന വാഹനമാണെന്നും കേടുപാട് വരുത്തിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടതായി ബൈക്ക് യാത്രികർ പൊലീസിൽ മൊഴി നൽകി.
നാട്ടുകാർ അറിയിച്ചതനുസരിച്ച് സാലിഗ്രാമ എസ്.ഐ സ്ഥലത്തെത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

