ഉപമുഖ്യമന്ത്രിയുമായി വാഗ്വാദം തുടരുന്നു; വളർന്നു വലുതായപ്പോൾ വന്ന വഴി മറന്നു -ശിവകുമാർ
text_fieldsബംഗളൂരു: നഗരത്തിലെ അടിസ്ഥാന വികസനത്തെച്ചൊല്ലി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബയോകോൺ ചെയർപേഴ്സൻ കിരൺ മജുംദാർ ഷായും വാഗ്വാദം തുടരുന്നു. വിമർശനങ്ങൾ സ്വാഗതം ചെയ്ത ശിവകുമാർ ‘ഇത് കൂടിപ്പോയി’എന്ന് അഭിപ്രായപ്പെട്ടു. ഇതൊന്നുംതന്നെ അലട്ടുന്നില്ല. ജനങ്ങൾ അവരെ സേവിക്കാൻ അവസരം നൽകി. താൻ അത് ചെയ്യുന്നു. ഇവിടെ വന്ന് ബിസിനസ് ആരംഭിച്ചവർ വളർന്നു വലുതായപ്പോൾ വേരുകൾ മറന്നു.
ബി.ജെ.പിയുടെ ഭരണകാലത്ത് ഈ വിഷയങ്ങൾ കിരൺ മജുംദാർ ഒരിക്കലും ഉന്നയിച്ചിട്ടില്ലെന്നും അവർക്ക് പ്രത്യേക അജണ്ടയുണ്ടെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ, താൻ പറഞ്ഞത് വികസനത്തെക്കുറിച്ച് മാത്രമാണെന്നും ബി.ജെ.പി, ജെ.ഡി.എസ് സർക്കാറുകളെയും താൻ വിമർശിച്ചിട്ടുണ്ടെന്നും മാലിന്യം നീക്കി റോഡുകൾ നന്നാക്കൂ എന്നും മറുപടിയായി കിരൺ മജുംദാർ ഷാ ‘എക്സി’ൽ കുറിച്ചു. കിരൺ മജുംദാറിനെ കൂടാതെ ഇൻഫോസിസ് മുൻ സി.എഫ്.ഒ മോഹൻദാസ് പൈയും നഗരത്തിലെ തകർന്ന റോഡുകളും കുന്നുകൂടിയ മാലിന്യവും ചൂണ്ടിക്കാട്ടി വിമർശിച്ചിരുന്നു.
ബംഗളൂരുവിൽ 1.04 ലക്ഷം കോടിയുടെ വികസന പദ്ധതി
ബംഗളൂരു: കർണാടക സർക്കാർ ബംഗളൂരുവിനായി 1.04 ലക്ഷം കോടി രൂപയുടെ സമഗ്ര വികസന പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നാലോ അഞ്ചോ വർഷത്തിനകം നടപ്പാക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ടണൽ റോഡുകൾ, എലിവേറ്റഡ് ഇടനാഴികൾ, ഡബ്ൾ ഡെക്കർ ഫ്ലൈ ഓവറുകൾ, ബഫർ റോഡുകൾ, എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കൽ, നഗര സൗന്ദര്യവത്കരണ പദ്ധതികൾ എന്നിവയാണ് ഈ സംരംഭത്തിൽ ഉൾപ്പെടുന്നത്.
കോറമംഗലയിലെ വീർ യോദ്ധ പാർക്കിൽ ഞായറാഴ്ച നടന്ന ‘വോക് വിത്ത് ബംഗളൂരു’പരിപാടിയിൽ ജനങ്ങളുമായി സംവദിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശിവകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

