നൂറാം വാർഷികം സമസ്തയുടെ അജയ്യമായ മുന്നേറ്റം സാക്ഷ്യപ്പെടുത്തും -ജിഫ്രി മുത്തുക്കോയ തങ്ങൾ
text_fieldsബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംസാരിക്കുന്നു
ബംഗളൂരു: സമസ്തയുടെ അജയ്യമായ മുന്നേറ്റം സാക്ഷ്യപ്പെടുത്തുന്നതായിരിക്കും അടുത്ത ഫെബ്രുവരി നാലു മുതൽ എട്ടുവരെ കാസർകോട് കുണിയയിൽ നടക്കുന്ന നൂറാം വാർഷിക മഹാ സമ്മേളനമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തക്ക് കീഴിൽ ബംഗളൂരു മടിവാളയിൽ സ്ഥാപിക്കുന്ന ബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമുദായങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിൽ സമസ്തയുടെ പ്രവർത്തനം വലിയ പങ്കാണ് വഹിച്ചത്.
സമസ്ത നയിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ലോകോത്തര മാതൃകയാണ്. സ്ത്രീ വിദ്യാഭ്യാസത്തിന് സമസ്ത എന്നും വലിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. സമസ്തയുടെ മദ്റസ പ്രസ്ഥാനവും മറ്റു വിദ്യാഭ്യാസ സംരംഭങ്ങളും ലോകോത്തര മാതൃകയാണ്. വിശ്വാസ സംരക്ഷണമാണ് സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യം. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും സമസ്ത തയാറല്ല. എല്ലാവരും ഒറ്റക്കെട്ടായി സമസ്തയെ ശക്തിപ്പെടുത്താൻ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബംഗളൂരു ടൗൺഹാളിൽ നടന്ന ചടങ്ങിൽ ബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ മടിവാള അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട് പദ്ധതി പ്രഖ്യാപനം നിർവഹിച്ചു. കോഴിക്കോട് ഖാദിയും എസ്.വൈ.എസ് കേരള സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥനക്ക് നേതൃത്വം നൽകി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി.
സമസ്ത ട്രഷറർ കൊയ്യോട് പി.പി. ഉമർ മുസ്ലിയാർ, കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുൽ ഖാദർ മുസ്ലിയാർ ബംബ്രാണ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് ദേശീയ സെക്രട്ടറി അസ്ലം ഫൈസി, സഹീദ് ഫരീക്കോ, കരീം, ഫൈസൽ അക്യൂറ, സാദിഖ് ബി.ടി.എം, ഷമീർ നീർവേലി, സൈഫുദ്ദീൻ ഈറോത്, ലത്തീഫ് ഹാജി, അഷ്റഫ് ഹാജി, ഷംസുദ്ദീൻ, ഇർഷാദ് കണ്ണവം, യു. ലത്തീഫ്, സിറാജ് ഹാജി, സലീം, ഇസ്മായിൽ ഹാജി തുടങ്ങിയവർ സംസാരിച്ചു. സിറാജുദ്ദീൻ അൽഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി താഹിർ മിസ്ബാഹി സ്വാഗതവും റിയാസ് മടിവാള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

