അടിയന്തര സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് തണൽ സി.എസ്.ആർ മീറ്റ്
text_fieldsതണൽ ബംഗളൂരു ചാപ്റ്ററിന് കീഴിൽ സംഘടിപ്പിച്ച സി.എസ്.ആർ മീറ്റിൽ മൈൻഡ് ട്രീ ഫൗണ്ടേഷൻ മുൻ മേധാവി അബ്രഹാം മോസസ് സംസാരിക്കുന്നു
ബംഗളൂരു: ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് നടത്തുന്ന ചാരിറ്റബ്ൾ സംരംഭമായ തണൽ ബാംഗ്ലൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 20ലേറെ കോർപറേറ്റുകളെയും മനുഷ്യസ്‌നേഹികളെയും സംയോജിപ്പിച്ച് ബംഗളൂരുവിൽ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) മീറ്റ് സംഘടിപ്പിച്ചു.
ബനശങ്കരിയിലെ തണൽ മലബാർ ഗ്രാൻഡ്മാ ഹോമിൽ നടന്ന ചടങ്ങിൽ വിവിധ സോഫ്റ്റ്‌വെയർ കമ്പനി സി.ഇ.ഒമാരും ഡയറക്ടർമാരും ഉൾപ്പെടെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. മൈൻഡ്ട്രീ ഫൗണ്ടേഷൻ മുൻ മേധാവിയും ജീവകാരുണ്യ പ്രവർത്തകനുമായ അബ്രഹാം മോസസ് മുഖ്യ പ്രഭാഷണം നടത്തി.
2008ൽ സ്ഥാപിതമായ തണൽ 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു. വിവിധ സ്ഥലങ്ങളിലെ 158 സെന്ററുകൾ കൂടാതെ രാജ്യത്തുടനീളമായി 712 മൈക്രോ ലേണിങ് കേന്ദ്രങ്ങൾ വഴി ചേരിപ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസവും നൽകുന്നുണ്ട്. നിലവിൽ പ്രതിദിനം നിർധനരും നിരാലംബരായ 2.7 ലക്ഷം ജനങ്ങൾക്കാണ് വിവിധ പ്രവർത്തനങ്ങളിലൂടെ ആശ്വാസമേകുന്നത്.
മലബാർ ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന ‘ഹൻഗർ ഫ്രീ വേൾഡ്’ പദ്ധതി വഴി ബംഗളൂരുവിൽ ദിവസവും 2500 പേർക്ക് ഒരുനേരത്തെ ഭക്ഷണം നൽകുന്നുണ്ട്. അഞ്ചു ഡയാലിസിസ് കേന്ദ്രങ്ങൾ, ഭവന രഹിതരെ സംരക്ഷിക്കുന്ന തണൽ ഗ്രാൻഡ്മാ ഹോം, ഫിസിയോതെറപ്പി സെന്റർ, മൈക്രോ ലേണിങ് സെന്റർ, മെഡിക്കൽ സെന്റർ തുടങ്ങിയ പദ്ധതികളും തണൽ ബംഗളൂരുവിൽ നടത്തിവരുന്നു.
തണൽ സി.ഒ.ഒ സുവീൻ ഉപഹാരം കൈമാറി. തണൽ പ്രവർത്തനങ്ങളെക്കുറിച്ച് മുസ്തഫ അവതരണം നടത്തി. ഇംപൾസിസ് സി.ഇ.ഒ സമീർ ഷരീഫ്, തണൽ സി.ഇ.ഒ അനൂപ്, സഫീർ എന്നിവർ സംസാരിച്ചു. ഡോ. രമ്യ യോഗം നിയന്ത്രിച്ചു. സനീർ ആദിരാജ, സഹീർ സി.എച്ച്, ആതിര നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

