അധ്യാപകർക്ക് ടെറ്റ് നിർബന്ധം; പുനഃപരിശോധന ഹരജിയുമായി ജീവനക്കാരുടെ സംഘടന
text_fieldsബംഗളൂരു: സംസ്ഥാനത്ത് സർവിസിലുള്ള അധ്യാപകർക്കും അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ(കെ.എസ്.ജി.ടി.എ) സുപ്രീം കോടതിയിൽ പുനഃപരിശോധന ഹരജി സമർപ്പിച്ചു.
2025 സെപ്റ്റംബറിലെ ഉത്തരവിൽ സർവിസിലുള്ളവർ ഉൾപ്പെടെ എല്ലാ അധ്യാപകർക്കും ടെറ്റ് പാസാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ടെറ്റ് നിര്‍ബന്ധമാക്കുന്നതിനുമുമ്പ് നിയമിതരായതും വിരമിക്കാൻ അഞ്ച് വർഷത്തിൽ താഴെ സർവിസ് ഉള്ളവരുമായ അധ്യാപകർക്ക് ടെറ്റ് പാസാകാതെ തുടരാം.
എങ്കിലും പരീക്ഷ വിജയിക്കാത്തവരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കില്ല. വിരമിക്കാൻ അഞ്ച് വർഷത്തിൽ കൂടുതലുള്ള അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ടെറ്റ് പാസാകണം. പരാജയപ്പെട്ടാല്‍ വിരമിക്കുകയോ സര്‍വിസില്‍നിന്നു പിരിച്ചുവിടുകയോ ചെയ്യും. നടപടി സർവിസിലുള്ള ഏകദേശം ഒരു ലക്ഷത്തിലധികം അധ്യാപകരെ ബാധിച്ചു.
അധ്യാപകർക്ക് അനുകൂലമായി പുനഃപരിശോധനാ ഹരജി നൽകണമെന്ന് കെ.എസ്.ജി.ടി.എ സർക്കാറിനോട് ആവശ്യപ്പെടുകയും കേന്ദ്ര സർക്കാറിനോട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആന്ധ്രപ്രദേശ്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുമുള്ള അധ്യാപകരും പുനഃപരിശോധനാ ഹരജികൾ സമർപ്പിച്ചിട്ടുണ്ട്. അവ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

