മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ടേം ഇൻഷുറൻസ് നിർബന്ധമാക്കും
text_fieldsബംഗളൂരു: മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന വകുപ്പിന് കീഴിലുള്ള എല്ലാ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ടേം ഇൻഷുറൻസ് നിർബന്ധമാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. കഴിഞ്ഞ മാസം ഐ.എ.എസ് ഉദ്യോഗസ്ഥൻ മഹന്തേഷ് ബിലാഗി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തീരുമാനം.
നിയമത്തിന്‍റെ അപര്യാപ്തത മൂലം അദ്ദേഹത്തിന്റെ കുടുംബത്തിന് അർഹമായതിനേക്കാൾ ഏകദേശം 50 ലക്ഷം രൂപ കുറവാണ് ലഭിച്ചത്. ഒരു മെഡിക്കൽ കോളജിന്‍റെ ഗവേണിങ് കൗൺസിൽ യോഗത്തില്‍ പങ്കെടുക്കവേ സംസ്ഥാന സിവിൽ സർവിസിൽ നിന്ന് കേന്ദ്ര സര്‍വിസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ഉദ്യോഗസ്ഥൻ ടേം ഇൻഷുറൻസ് സിസ്റ്റത്തിലെ തന്‍റെ സര്‍വിസ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.
ഇത് കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. മെഡിക്കൽ കോളജിലെയും ആശുപത്രിയിലെയും ഡോക്ടർമാരും ഓഫിസർമാരും ജീവനക്കാരും നിലവിലെ ശമ്പളത്തിനും പദവിക്കും അനുസൃതമായ ടേം ഇൻഷുറൻസ് പദ്ധതികളിൽ ചേരണമെന്ന് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കുലർ പുറപ്പെടുവിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറിയോട് മന്ത്രി നിര്‍ദേശിച്ചു. ജീവനക്കാരന്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ലഭിക്കും.
സാമ്പത്തിക പരിമിതികളോ ബോധവത്കരണ കുറവുമൂലം മിക്ക ജീവനക്കാരും മതിയായ ടേം ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നില്ല. കുറഞ്ഞ പ്രീമിയങ്ങളിൽ മികച്ച ടേം ഇൻഷുറൻസ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നതിനായി പ്രമുഖ ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും സമീപിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമൂഹിക സുരക്ഷ നടപടികളുടെ ഭാഗമായി കരാർ ജീവനക്കാർക്ക് ടേം ഇൻഷുറൻസ് ആനുകൂല്യങ്ങൾ നൽകുന്നതിന്റെ സാധ്യത വകുപ്പ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

