മെജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണം; ടെൻഡർ ക്ഷണിച്ചു
text_fieldsമെജസ്റ്റിക് ബസ് സ്റ്റാൻഡ്
ബംഗളൂരു: മെജസ്റ്റിക് ബസ് സ്റ്റാൻഡ് പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാരംഭ പ്രവർത്തനങ്ങൾക്ക് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. പദ്ധതി മേഖല, ബസ്സ്റ്റാൻഡിലെ ഗതാഗതം, വാണിജ്യപരമായ സാധ്യത, പരിസ്ഥിതി, സാമൂഹിക ആഘാത വിലയിരുത്തൽ എന്നിവയുൾപ്പെടെ സാധ്യതാ റിപ്പോർട്ട് തയാറാക്കുന്നതിനായി സാങ്കേതിക ഉപദേഷ്ടാക്കളെ നിയമിക്കുന്നതിനാണ് കെ.എസ്.ആർ.ടി.സി ടെൻഡറുകൾ ക്ഷണിച്ചത്.
മെജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരിക്കുകവഴി ഹൈടെക് ഇന്റർമോഡൽ ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റാനാണ് കർണാടക സർക്കാർ ലക്ഷ്യമിടുന്നത്. 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന നഗരഹൃദയമായ ബസ് സ്റ്റാൻഡ്, പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ ‘പ്രോജക്ട് മെജസ്റ്റിക്’ എന്ന പദ്ധതിയിൽ വികസിപ്പിക്കാനാണ് തീരുമാനം.
നഗര, ഇന്റർസിറ്റി ഗതാഗതം, മെട്രോ, റെയിൽവേ സേവനങ്ങൾ എന്നിവ സംയോജിപ്പിച്ച് യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകൾ എന്നിവയുൾപ്പെടെ ഏകദേശം 40 ഏക്കർ ഭൂമി നിർദിഷ്ട ഹബ്ബിൽ ഉൾപ്പെടും.
കൂടാതെ ഷോപ്പിങ് കോംപ്ലക്സ്, ഫുഡ് കോർട്ടുകൾ, ഓഫിസ് സ്ഥലങ്ങൾ, മറ്റ് വാണിജ്യ സൗകര്യങ്ങൾ എന്നിവയും ഒരുക്കും. ഡി ദേവരാജ് ഉർസിന്റെയും ആർ ഗുണ്ടു റാവുവിന്റെയും നേതൃത്വത്തിൽ 2016ൽ പുനർവികസന പദ്ധതി ആദ്യമായി വിഭാവനം ചെയ്തതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ബസ് സ്റ്റാൻഡിൽനിന്ന് പ്രതിദിനം ഏകദേശം 10,000 ബസുകൾ സർവിസ് നടത്തുന്നതിനാൽ, സ്ഥലപരിമിതി പരിഹരിക്കുന്നതിനും ആധുനിക ഗതാഗത സൗകര്യം ഒരുക്കുന്നതിനുമാണ് പുനർവികസനം ലക്ഷ്യമിടുന്നത്.മെജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണത്തിന് ആദ്യം പദ്ധതിയിടുന്നത് 2016 ലാണ്. നിലവിൽ 10,000 ത്തിലേറെ ബസുകൾ മെജസ്റ്റിക് ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി സർവിസ് നടത്തുന്നുണ്ട്. അതിനാൽ കുടുതൽ വിശാലമായ ആധുനിക സൗകര്യങ്ങളോടെയുള്ള ഹബ്ബാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

