ബി.എം.ടി.സി ബസുകളിൽ ഓഡിയോ പരസ്യ സംവിധാനം ഏർപ്പെടുത്തുന്നതിനായി ടെൻഡർ
text_fieldsബംഗളൂരു: ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി 300 നോൺ-എ.സി. ബസുകളിൽ ഓഡിയോ പരസ്യ സംവിധാനം ഏർപ്പെടുത്തുന്നതിനായി ടെൻഡർ ക്ഷണിച്ചു.
യാത്രാകൂലിക്കു പുറമേ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഹെഡ്ഫോൺ ഉപയോഗിക്കാതെ മറ്റു യാത്രക്കാർ മൊബൈലിൽ വീഡിയോകളും റീലുകളും ഉറക്കെ വെക്കുന്നത് സംബന്ധിച്ച് ഇതിനകം പരാതിയുള്ളതിനാൽ പുതിയ ഓഡിയോ പരസ്യങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന ആശങ്ക ബി.എം.ടി.സി. യാത്രക്കാർ പങ്കുവെച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന കമ്പനിക്ക് മൂന്ന് വർഷത്തെ കരാറായിരിക്കും ലഭിക്കുക. ഓർഡിനറി, എക്സ്പ്രസ്, നൈറ്റ് സർവിസ് ബസുകളിലാണ് ആദ്യ ഘട്ടത്തിൽ സംവിധാനം നടപ്പാക്കുക.
10 സെക്കൻഡ് വീതമുള്ള സ്ലോട്ടുകളിലായിരിക്കും ഓരോ പരസ്യവും പ്ലേ ചെയ്യുക. പരസ്യങ്ങളിൽ കന്നഡ നിർബന്ധമാണ്. ഇംഗ്ലീഷിലുള്ള പരസ്യങ്ങളും അനുവദനീയമാണ്.
സമർപ്പിക്കുന്ന ഫിനാൻഷ്യൽ ബിഡിന്‍റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത കമ്പനി ഓരോ ബസിനും മാസംതോറും ബി.എം.ടി.സി.ക്ക് ലൈസൻസ് ഫീസ് നൽകേണ്ടി വരും.
ബി.എം.ടി.സി.യുടെ നിലവിലുള്ള ജി.പി.എസ്, ഇൻ്റലിജന്‍റ് ട്രാൻസ്പോർട്ട് സിസ്റ്റം (ഐ.ടി.എസ്.) ഇൻഫ്രാസ്ട്രക്ചറുമായി ഇത് സംയോജിപ്പിക്കും. കൂടാതെ പരസ്യങ്ങൾ പ്ലേ ചെയ്തതിന്‍റെ കണക്കുകൾ, റൂട്ട് കവറേജ്, സിസ്റ്റം പെർഫോമൻസ് എന്നിവ സംബന്ധിച്ച് പ്രതിദിന, പ്രതിവാര, പ്രതിമാസ റിപ്പോർട്ടുകൾ ഇത് നൽകുകയും ചെയ്യും. വാണിജ്യ പരസ്യങ്ങളിലൂടെ യാത്രാകൂലി അല്ലാത്ത വരുമാനം കണ്ടെത്തുക, ജി.പി.എസ്.ഐ.ടി.എസ് ശൃംഖല ഉപയോഗിച്ച് ലൊക്കേഷൻ അധിഷ്ഠിത കാമ്പെയ്നുകൾ നടത്തുക എന്നിവയാണ് ലക്ഷ്യമെന്ന് കോർപറേഷൻ വ്യക്തമാക്കി. സുരക്ഷാ സന്ദേശങ്ങൾ, ഡ്രൈവറുടെ ആശയവിനിമയങ്ങൾ എന്നിവക്ക് യാതൊരുവിധ തടസ്സവും പരസ്യ സംവിധാനം ഉണ്ടാക്കരുതെന്ന് ബി.എം.ടി.സി. നിര്‍ദേശിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യാർഥം സ്പീക്കറിൽ നിന്ന് ഒരു മീറ്റർ അകലെ ശബ്ദപരിധി പരമാവധി 60 ഡെസിബെലായി നിജപ്പെടുത്തിയിട്ടുണ്ട്. അടിയന്തര പ്രഖ്യാപനങ്ങൾ ഉണ്ടാകുമ്പോൾ പരസ്യങ്ങൾ സ്വയം താൽക്കാലികമായി നിലക്കുകയും ചെയ്യും.
ബംഗളൂരുവിൽ ഏകദേശം 6,000 ബസുകൾ സർവിസ് ബി.എം.ടി.സി നടത്തുന്നുണ്ട്.
പ്രതിദിനം 35 ലക്ഷത്തിലധികം യാത്രക്കാരാണ് സേവനം ഉപയോഗിക്കുന്നത്.
സ്ത്രീകൾക്കായുള്ള ശക്തി സൗജന്യ ബസ് യാത്രാ പദ്ധതിയുടെ സർക്കാർ റീഇംബേഴ്സ്മെന്റിലെ കാലതാമസവും വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഗതാഗത വകുപ്പിന് നീക്കം ഏറെ ആശ്വാസകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

