മകര സംക്രമ ആഘോഷത്തിനൊരുങ്ങി ക്ഷേത്രങ്ങൾ
text_fieldsബംഗളൂരു: മകരസംക്രമ ആഘോഷത്തിനൊരുങ്ങി ബംഗളൂരുവിലെയും മൈസൂരുവിലെയും ക്ഷേത്രങ്ങൾ. വിവിധ അയ്യപ്പക്ഷേത്രങ്ങളിൽ മകരവിളക്ക് മഹോത്സവങ്ങൾ ശനിയാഴ്ച നടക്കും. കർണാടകയിലെ മറ്റു ക്ഷേത്രങ്ങളിൽ മകര സംക്രാന്തി ആഘോഷ ചടങ്ങുകളും നടക്കും.
രണ്ടാം ശബരിമല എന്നു വിളിക്കപ്പെടുന്ന ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി മകര സംക്രമ സമയമായ 8.45ന് സംക്രമാഭിഷേകം നടക്കും. വൈകീട്ട് 6.30ന് ‘ശ്രീ രുദ്ര കാശീശ്വരി’ നൃത്തനാടകം അരങ്ങേറും. ഞായറാഴ്ച പതിവു പൂജക്കു പുറമെ രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും ഉച്ചക്ക് പ്രസാദ ഊട്ടും വൈകീട്ട് ഭക്തി ഗാനമേളയും നടക്കും.
ചാമുണ്ഡി മലയടിവാരത്തെ അയ്യപ്പക്ഷേത്രത്തിൽ ശനിയാഴ്ച വൈകീട്ട് 6.30ന് ലക്ഷദീപോത്സവം നടക്കും. സ്വാമി ശിവകാന്താനന്ദ നേതൃത്വം നൽകും. മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ, എം.എൽ.എമാരായ എസ്.എ. രാംദാസ്, ജി.ടി. ദേവഗൗഡ, എൽ. നാഗേന്ദ്ര തുടങ്ങിയവർ പങ്കെടുക്കും. രാത്രി അയ്യപ്പ ഭക്തിഗാനാലാപനം അരങ്ങേറും.
ഹൊസാറോഡ് അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ശനിയാഴ്ച നടക്കും. പറയെടുപ്പ്, ദീപാരാധനക്കുശേഷം അന്നദാനം എന്നിവയുണ്ടാകും. രാവിലെ 6.30 മുതൽ 10വരെയും വൈകീട്ട് 6.30 മുതൽ എട്ടുവരെയുമാണ് പറയെടുപ്പ് സമയമെന്ന് ഹൊസറോഡ് അയ്യപ്പ ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 7338558803
ആനേപ്പാളയ അയ്യപ്പക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവും. പറയെടുപ്പിനുശേഷം വൈകീട്ട് ദീപാരാധന, ചിത്തിര നാട്യ ക്ഷേത്രയുടെ നൃത്തസന്ധ്യ അരങ്ങേറും. ശനിയാഴ്ച വിശേഷാൽ പൂജകൾ നടക്കും. വൈകീട്ട് കലാപരിപാടികൾ അരങ്ങേറും. പ്രതിഷ്ഠ വാർഷിക ദിനമായ ഞായറാഴ്ച കലശപൂജ, അന്നദാനം എന്നിവയുണ്ടാകും. തെക്കേടത്ത് മന നാരായണൻ വിഷ്ണു നമ്പൂതിരി നേതൃത്വം നൽകും. വൈകീട്ട് ദീപാരാധനയോടെ സമാപനമാവും.
അൾസൂർ അയ്യപ്പക്ഷേത്രത്തിലെ തിരുവുത്സവത്തിൽ ശനിയാഴ്ച മകരസംക്രമ പൂജ നടക്കും. വിദ്യാഗണപതി ക്ഷേത്രത്തിൽനിന്ന് വൈകീട്ട് 4.30ന് തിരുവാഭരണ ഘോഷയാത്ര ആരംഭിച്ച് 6.30ന് ക്ഷേത്രത്തിലെത്തും. തുടർന്ന് ദീപാരാധന, ഭരതനാട്യം എന്നിവ നടക്കും. ഞായറാഴ്ച ഉത്സവപൂജകൾ ദീപാരാധന, ഭക്തിഗാനമേള എന്നിവയും നടക്കും.
എച്ച്.എ.എൽ അയ്യപ്പ ക്ഷേത്രത്തിൽ ശനിയാഴ്ച വിവിധ പൂജകൾ നടക്കും. രാവിലെ 11.30 മുതൽ അന്നദാനം ഏർപ്പെടുത്തും. വൈകീട്ട് 6.30 മുതൽ കാഞ്ഞങ്ങാട് ദേവഗീതത്തിന്റെ നേതൃത്വത്തിൽ ഭക്തിഗാനമേള അരങ്ങേറും.വിജനപുര അയ്യപ്പക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവത്തിൽ രാവിലെ മഹാഗണപതി ഹോമം, നെയ്യഭിഷേകം, ഉച്ചക്ക് അന്നദാനം എന്നിവയുണ്ടാകും. വൈകീട്ട് ആറിന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഭജനയോടെ ഉത്സവത്തിന് സമാപനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

