ജനാർദൻ റെഡ്ഡി എം.എൽ.എക്ക് സി.ബി.ഐ കോടതി വിധിച്ച ഏഴ് വർഷം തടവ് തെലങ്കാന ഹൈകോടതി റദ്ദാക്കി
text_fieldsവിധി കേട്ട ശേഷം ജനാർദൻ റെഡ്ഡി പുറത്തേക്ക് വരുന്നു
ബംഗളൂരു: ഒബുലാപുരം ഖനന കേസിൽ കർണാടകയിലെ ബി.ജെ.പി എം.എൽ.എ ഗാലി ജനാർദൻ റെഡ്ഡി ഉൾപ്പെടെ നാല് പേർക്ക് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) പ്രത്യേക കോടതി വിധിച്ച ഏഴ് വർഷത്തെ തടവ് ശിക്ഷ തെലങ്കാന ഹൈകോടതി താൽക്കാലികമായി റദ്ദാക്കി.
ഇവർക്ക് ജാമ്യം അനുവദിച്ചു. ജനാർദൻ റെഡ്ഡി, അദ്ദേഹത്തിന്റെ ബന്ധുവും ഒബുലാപുരം മൈനിങ് കമ്പനി (ഒ.എം.സി) മാനേജിങ് ഡയറക്ടറുമായ ബി.വി. ശ്രീനിവാസ് റെഡ്ഡി, അന്നത്തെ മൈനിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായിരുന്ന ഡി. രാജഗോപാൽ, ജനാർദൻ റെഡ്ഡിയുടെ പേഴ്സനൽ അസിസ്റ്റന്റ് അലി ഖാൻ എന്നിവർക്കാണ് ഹൈകോടതി സോപാധിക ജാമ്യം അനുവദിച്ചത്.
ജാമ്യത്തിനും ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതിനുമുള്ള പ്രതികളുടെ ഹരജികളിൽ ജസ്റ്റിസ് കെ. ലക്ഷ്മൺ ബുധനാഴ്ച ഉത്തരവുകൾ പ്രഖ്യാപിച്ചു. നാല് പ്രതികളോടും രാജ്യം വിട്ടുപോകരുതെന്നും 10 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു.
അവിഭക്ത ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ഒ.എം.സി നടത്തിയ അനധികൃത ഖനനവുമായി ബന്ധപ്പെട്ടാണ് 16 വർഷം മുമ്പ് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസ്. മേയ് ആറിന് ഹൈദരാബാദിലെ സി.ബി.ഐ പ്രത്യേക കോടതി ജനാർദൻ റെഡ്ഡിക്കും മറ്റ് മൂന്ന് പേർക്കും ഏഴ് വർഷം തടവും 20,000 രൂപ വീതം പിഴയും വിധിച്ചിരുന്നു രാജഗോപാലിന് നാല് വർഷം കൂടി തടവ് ശിക്ഷ വിധിച്ചു.
കേസ് രജിസ്റ്റർ ചെയ്തപ്പോൾ ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡി, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി. കൃപാനന്ദം എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. സബിത ഇന്ദ്ര റെഡ്ഡി പിന്നീട് ഭാരത് രാഷ്ട്രസമിതിയിൽ (ബി.ആർ.എസ്) ചേർന്ന് മുൻ ബി.ആർ.എസ് സർക്കാറിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു, നിലവിൽ ആ പാർട്ടിയിൽ നിന്നുള്ള മഹേശ്വരം എം.എൽ.എയാണ്.
ചൊവ്വാഴ്ച ജാമ്യാപേക്ഷകളിൽ വാദം കേൾക്കുന്നതിനിടെ, ജനാർദൻ റെഡ്ഡിയുടെ എം.എൽ.എ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, ശിക്ഷ വിധിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്. നാഗമുട്ടു ആവശ്യപ്പെട്ടു.
നിയമസഭാംഗ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തയാറെടുക്കുകയാണെന്നും വ്യക്തമാക്കി കർണാടക നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചതായി കോടതിയെ അറിയിച്ചു. വാദം കേട്ട ശേഷം, ഹൈകോടതി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
അതേസമയം, ഐ.എ.എസ് ഉദ്യോഗസ്ഥ വൈ. ശ്രീലക്ഷ്മിയുടെ വിടുതൽ ഹരജിയിൽ വാദം കേൾക്കുന്നത് ഹൈകോടതി ജൂൺ 19 ലേക്ക് മാറ്റി. അവരുടെ ഹരജിയിൽ എതിർ ഫയൽ ചെയ്യാൻ സി.ബി.ഐയോട് നിർദേശിച്ചു. മേയ് ആറിന് വിധി പ്രസ്താവിക്കുമ്പോൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് സി.ബി.ഐ പ്രത്യേക കോടതി ഒ.എം.സിക്ക് രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
ആന്ധ്രാപ്രദേശ്-കർണാടക അതിർത്തിയിലുള്ള അനന്തപൂർ ജില്ലയിലെ ബല്ലാരി റിസർവ് വനമേഖലയിലെ ഒബുലാപുരം ഗ്രാമത്തിലാണ് കമ്പനി ഇരുമ്പയിര് ഖനനം ചെയ്തത്. എല്ലാ നിയമങ്ങളും ലംഘിച്ച് കമ്പനി ഇരുമ്പയിര് ഖനനം ചെയ്യുന്നുവെന്ന് ആരോപിച്ച് 2009ൽ കോൺഗ്രസ് സർക്കാർ കേന്ദ്രത്തിൽ പരാതി നൽകി. അനുവദനീയമായ അധികാരപരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ഒ.എം.സി നിയമവിരുദ്ധമായി ധാതുക്കൾ ഖനനം ചെയ്യുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്.
2009 ഡിസംബർ ഏഴിന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷം, 2011ൽ കുറ്റപത്രം സമർപ്പിച്ചു. ഒ.എം.സി 884.13 കോടി രൂപയുടെ അനധികൃത ഖനനത്തിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ചു. 219 സാക്ഷികളെ സി.ബി.ഐ വിസ്തരിക്കുകയും 3,400 രേഖകൾ ഹാജരാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

