കർണാടകയിൽ പ്രായപൂർത്തിയാവാത്ത ഗർഭിണികൾ വർധിക്കുന്നു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാവാത്ത ഗർഭിണികൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തുടനീളമുള്ള ശിശുക്ഷേമ സമിതികളിൽ ഇത്തരം 2320 ഗർഭധാരണ കേസ് റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ ശിവമൊഗ്ഗ ജില്ലയിൽ- 163. തുമകൂരു ജില്ല 113 കേസുമായി തൊട്ടുപിന്നിൽ. ബംഗളൂരു സൗത്ത് 108, ബംഗളൂരു റൂറൽ 47, ബെളഗാവി 64, ചാമരാജനഗർ 109, ചിക്കമഗളൂരു 135, ദക്ഷിണ കന്നട 74, ഹാവേരി 126, കോലാർ 115, കോപ്പൽ 12, മൈസൂരു 114 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.
2022-23ൽ ആകെ 405 ആയിരുന്നെങ്കിൽ 2023-24ലിത് 709 ആയി ഉയർന്നു. 2024-25ൽ 685 കേസ് രജിസ്റ്റർ ചെയ്തു. 2025-26ൽ ഇതുവരെ 521 കേസ് റിപ്പോർട്ട് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കിടയിലെ ഗർഭധാരണം തടയുന്നതിന് സർക്കാർ തലത്തിൽ വിവിധ പദ്ധതികൾ സംസ്ഥാനത്ത് നിലനിൽക്കുമ്പോഴാണ് ഗണ്യമായ വർധന.
ജില്ല ഡെപ്യൂട്ടി കമിഷണർമാരുടെ അധ്യക്ഷതയിൽ ജില്ല ശിശു സംരക്ഷണ സമിതികൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ഡെപ്യൂട്ടി കമിഷണർമാരുടെ നേതൃത്വത്തിൽ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിചരണവും പിന്തുണയും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി എല്ലാ ജില്ലകളിലും ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, പ്രത്യേക ജുവനൈൽ പൊലീസ് യൂനിറ്റുകൾ, ചൈൽഡ് കെയർ സ്ഥാപനങ്ങൾ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റുകൾ എന്നിവയും പ്രവർത്തിക്കുന്നു.
ഇരകളാക്കപ്പെടുന്ന കുട്ടികൾക്ക് നിയമമാർഗ നിർദേശവും കൗൺസലിങ്ങും നൽകുന്നതിനായി എല്ലാ ജില്ലയിലും പിന്തുണ നൽകുന്ന വ്യക്തികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്നുണ്ട്. നിലവിൽ സംസ്ഥാനത്തുടനീളം 173 പിന്തുണ നൽകുന്ന വ്യക്തികൾ പ്രവർത്തിക്കുന്നതായാണ് കണക്ക്. ദേശീയ ബാലാവകാശ സംരക്ഷണ കമിഷൻ സ്റ്റാൻഡേർഡ് ഓപറേറ്റിങ് നടപടിക്രമം രൂപപ്പെടുത്തിയിട്ടുണ്ട്. അത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരകൾക്ക് 18 വയസ്സ് തികയുന്നതുവരെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ തുടരാം. കൂടാതെ 23 വയസ്സ് വരെ ആവശ്യമായ പിന്തുണയും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

