കര്‍ണാടകയിൽ ഇനി ടീം ഡി.കെ; 13 കാബിനറ്റ് മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
text_fieldsസത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ബംഗളൂരുവിലെത്തിയ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ സ്വാഗതം ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സമീപം
ബംഗളൂരു: ഭരണഘടന മുറുകെ പിടിച്ച് ലോക് ഭവനിലെ ഗ്ലാസ് ഹൗസിൽ നടന്ന ചടങ്ങിൽ ഡി.കെ.ശിവകുമാര്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ അധികാര വടംവലികള്‍ക്കും വിരാമമിട്ടു. പരിചയസമ്പന്നരായ നേതാക്കളും പുതു തലമുറയിലെ നേതാക്കളും അടങ്ങിയതാണ് പുതിയ മന്ത്രി സഭ. മന്ത്രിസഭയിലുൾപ്പെട്ട മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദര്‍ എന്നിവര്‍ രാഷ്ട്രീയത്തില്‍ തങ്ങളുടേതായ സ്ഥാനം ഉയര്‍ത്തിപ്പിടിച്ചവരാണ്. മുതിർന്ന കോൺഗ്രസ് നേതാവും മംഗളൂരു എം.എൽ.എയുമായ യു.ടി. ഖാദർ കാബിനറ്റ് പദവിയുള്ള മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. മംഗളൂരു നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഖാദർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അഞ്ച് തവണ നിയമസഭാംഗമായ ഖാദർ ആദ്യമായി കർണാടക നിയമസഭയിലെത്തിയത് 2007ൽ പിതാവും മുൻ എം.എൽ.എയുമായ യു.ടി. ഫരീദിന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ്.
നിലവിൽ പ്രഖ്യാപിച്ച 13 കാബിനറ്റ് മന്ത്രിമാരുടെ പട്ടിക മികച്ചതാണ്. ഭരണ പ്രാവീണ്യമുള്ള മുതിർന്ന ലിംഗായത്ത് നേതാവാണ് എം.ബി. പാട്ടീൽ, ബംഗളൂരു രാഷ്ട്രീയത്തിലെ പരിചയസമ്പന്നനായ രാമലിംഗ റെഡ്ഡി, വടക്കൻ കർണാടകയിൽ നിന്നുള്ള സതീഷ് ജാർക്കിഹോളി, വടക്കൻ കർണാടകയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് മുഖമായ ഈശ്വർ ഖാന്ദ്രെ മുൻ കേന്ദ്രമന്ത്രിയും ഏഴ് തവണ എം.പിയുമായ കെ.എച്ച്. മുനിയപ്പ, കൃഷ്ണ ബൈരെ ഗൗഡ, ബൈരതി സുരേഷ്, കല്യാണ കർണാടക മേഖലയിൽ നിന്നുള്ള ശരൺ പ്രകാശ് പാട്ടീൽ എന്നിവര്‍ക്കൊപ്പം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിസഭയിലുണ്ട്.
2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ കോണ്‍ ഗ്രസ് സര്‍ക്കാര്‍ ഭരണപരമായ മുന്നേറ്റം നടത്തുമ്പോഴും അധികാര കൈമാറ്റം എന്നും ചർച്ചയായിരുന്നു. നവംബറില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയായതോടെ അത് കൊടുമ്പിരി കൊള്ളുകയും ശിവകുമാറിന്റെ അനുയായികള്‍ നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തു. ഒളിഞ്ഞും തെളിഞ്ഞും ശിവകുമാറും നേതൃമാറ്റം സൂചിപ്പിച്ചു. അധികാരം മുറുകെ പിടിച്ച സിദ്ധരാമയ്യ താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതോടൊപ്പം തന്നെ കോണ്‍ ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിക്കുമെന്നും പ്രഖ്യാപിച്ചു.
താന്‍ മുഖ്യമന്ത്രിയാകുമോ എന്നത് കാലം തെളിയിക്കും എന്നായിരുന്നു ഡി.കെ യുടെ പക്ഷം. നേതൃമാറ്റം കൊതിച്ച എം.എല്‍.എമാരും അധികാരകൈമാറ്റത്തിന് ചുക്കാന്‍ പിടിച്ചു. ഒട്ടേറെ സംഭവ വികാസങ്ങള്‍ക്ക് ശേഷം മൂന്നു വര്‍ഷത്തിന് ശേഷം കാലം ഡി.കെയുടെ മുഖ്യമന്ത്രിപദം തെളിയിച്ച് തന്നു. ജന പ്രിയനായ സിദ്ധരാമയ്യ മുഖ്യമന്ത്രിപദം കൈമാറുമ്പോള്‍ കരുത്തുറ്റ നേതാവായ ഡി.കെക്കു മുന്പില് വെല്ലുവിളികള്‍ ഏറെയാണ്.
മന്ത്രിസഭയിൽ കൂടുതൽ മുസ്ലിം പ്രതിനിധ്യം നല്‍കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകള്‍ രംഗത്തുണ്ട്. ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ് അധികാര കൈമാറ്റത്തില്‍ ജനസേവനം മറക്കുന്നുവെന്ന പ്രസ്താവനയുമായി നിരവധി തവണ പരിഹാസവുമായി അരങ്ങിലെത്തിയിരുന്നു.
അഭിനന്ദനങ്ങളുമായി പ്രമുഖര്‍; ശിവകുമാറിനെ അഭിനന്ദിച്ച് സോണിയ ഗാന്ധി
ബംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡി.കെ. ശിവകുമാറിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശംസകള്‍ നേര്‍ന്നു. ശിവകുമാറിനെ ഫോണിൽ വിളിച്ചാണ് സോണിയ ഗാന്ധി അഭിനന്ദനം അറിയിച്ചത്. കർണാടകയെ അദ്ദേഹം വിജയകരമായി നയിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. പുതിയ ഉത്തരവാദിത്തം സമർഥമായി കൈകാര്യം ചെയ്യുക. ഭാവിയിൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയട്ടെ. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകൂ. ഭാവിയിൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയട്ടെയെന്നും സോണിയ ഗാന്ധി പറഞ്ഞു. തന്നില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് ഉറപ്പ് നൽകിയതായും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും -സുഖ് വീന്ദർ സിങ് സുഖു
ബംഗളൂരു: വർഷങ്ങളായി പാർട്ടിയുടെ നെടും തൂണായി നിന്ന ശിവകുമാറിന്റെ സംഭാവനയെ പ്രശംസിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു. ഡി.കെ. ശിവകുമാർ വളരെക്കാലമായി നല്ല പാർട്ടി പ്രവർത്തകനാണ്. നേതൃമാറ്റ തീരുമാനം കരാറിന്റെ അടിസ്ഥാനത്തിലാണ് നടന്നത്. മൂന്നു വര്‍ഷം കൊണ്ട് സിദ്ധരാമയ്യ സ്ഥാപിച്ച കോൺഗ്രസിന്റെ നയങ്ങൾ ഡി.കെ. ശിവകുമാര്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുഖു പറഞ്ഞു.
ആശംസകളുമായി കുമാരസ്വാമി
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റയുടനെ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ഡി.കെ. ശിവകുമാറിന് ആശംസകൾ നേർന്നു. സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി.കെ. ശിവകുമാറിന് അഭിനന്ദനങ്ങൾ. ലഭിച്ച ഈ അവസരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കും കർണാടകയുടെ വികസനത്തിനും വേണ്ടി വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

