അധ്യാപികയുടെ കൊലപാതകം: അന്ത്യരംഗങ്ങളുടെ വിഡിയോ ലഭിച്ചു
text_fieldsബംഗളൂരു: കാണാതായ അധ്യാപികയുടെ മൃതദേഹം മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെ ക്ഷേത്രത്തിനടുത്ത മൈതാനിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായകമാവുന്ന വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ആരോ പകർത്തി അയച്ചുകൊടുത്ത 13 സെക്കൻഡ് ദൃശ്യങ്ങളിൽ യുവാവും അധ്യാപികയും തമ്മിൽ വഴക്കിടുന്നതിന്റെയും മൽപിടിത്തം നടത്തുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. പാണ്ഡവപുര താലൂക്കിൽ മാണിക്യഹള്ളി ഗ്രാമത്തിലെ സാമൂഹിക പ്രവർത്തകൻ വെങ്കിടേഷിന്റെ മകൾ ദീപിക വി. ഗൗഡയുടെ (28) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ഒമ്പതിന് പതിവുപോലെ സ്കൂട്ടറിൽ ഗെസ്റ്റ് അധ്യാപികയായി ജോലിചെയ്യുന്ന മേലുകോട്ടയിലെ സ്വകാര്യ സ്കൂളിലേക്കു പോയ ദീപിക വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഭർത്താവ് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. അന്ന് വൈകുന്നേരം ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി.
അന്വേഷണത്തിനിടെ അധ്യാപികയുടെ സ്കൂട്ടർ ക്ഷേത്രമൈതാന പരിസരത്ത് കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. കുടുംബകാര്യങ്ങൾ അറിയുന്ന 21കാരന്റെ വിളിയാണ് കൊല്ലപ്പെട്ട യുവതിയുടെ മൊബൈൽ ഫോണിൽ അവസാനമായി വന്നത്. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ഈ യുവാവ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

