‘നമ്മ യാത്രി’യിൽ ഇനി ടാക്സിയും
text_fieldsബംഗളൂരു: കമീഷൻ രഹിതമായി പ്രവർത്തിക്കുന്ന ചുരുങ്ങിയ കാലംകൊണ്ട് ഓട്ടോറിക്ഷ തൊഴിലാളികൾക്കിടയിലും യാത്രക്കാർക്കിടയിലും ഹിറ്റായ ബംഗളൂരുവിന്റെ മൊബിലിറ്റി ആപ്പായ ‘നമ്മ യാത്രി’ ടാക്സി ബുക്കിങ് മേഖലയിലേക്കും കടക്കുന്നു. നിലവിൽ ഒല, ഊബർ, റാപിഡോ തുടങ്ങിയ കമ്പനികളിൽ നിന്നും കുറഞ്ഞ ഇൻസെന്റിവ് ലഭിക്കുന്ന ഡ്രൈവർമാർക്കിത് ഏറെ സഹായമാകും.
3500 ടാക്സി ഡ്രൈവർമാരാണ് ഇതുവരെ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കമീഷൻരഹിതമായിട്ടാണ് പ്രവർത്തിക്കുകയെങ്കിലും ഡ്രൈവർമാർക്ക് സബ്സ്ക്രിപ്ഷൻ പാക്കേജുകളുണ്ടായിരിക്കും. നമ്മ യാത്രി സബ്സ്ക്രിപ്ഷൻ പാക്കേജുകളവതരിപ്പിച്ചതിനു ശേഷം ഒല, റാപിഡോ, ഊബർ തുടങ്ങിയ കമ്പനികളും ആ വഴിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് ജസ്പേ ടെക്നോളജീസ് നമ്മ യാത്രി മൊബൈൽ ആപ് ബംഗളൂരുവിൽ ആരംഭിച്ചത്. മൈസൂരു, കൊച്ചി, തുമകുരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും നമ്മ യാത്രി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

