ഫാഷിസം തകർത്ത ഇന്ത്യയെ തിരിച്ചുപിടിക്കുക -കെ.എം. ഷാജി
text_fieldsബി.ടി.എം മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി സംസാരിക്കുന്നു
ബംഗളൂരു: കേന്ദ്രഭരണത്തിന്റെ വികലമായ സാമ്പത്തിക നയം മൂലം തകർന്നടിഞ്ഞ ഇന്ത്യൻ സാമ്പത്തിക രംഗവും വിദ്വേഷ രാഷ്ട്രീയം മൂലം വികലമാക്കപ്പെട്ട മാനവികതയും തിരിച്ചുപിടിക്കാൻ കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി അഭിപ്രായപ്പെട്ടു. ബി.ജെ.പി ഭരണത്താൽ രാജ്യം എല്ലാ മേഖലയിലും തകർന്നടിഞ്ഞിരിക്കുകയാണ്.
ദക്ഷിണേന്ത്യയിൽനിന്നും ബി.ജെ.പി ഭരണത്തെ കെട്ടു കെട്ടിച്ചാൽ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര ഭരണം പുനഃസ്ഥാപിക്കാൻ വഴിയൊരുങ്ങുമെന്നും ഷാജി കൂട്ടിച്ചേർത്തു. ബി.ടി.എം മണ്ഡലം സ്ഥാനാർഥി രാമ ലിംഗ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എസ്.ജി പാളയയിൽ നടന്ന പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, സ്ഥാനാർഥി രാമലിംഗ റെഡ്ഡി, മുൻ കോഴിക്കോട് കോർപറേറ്ററും മഹിള കോൺഗ്രസ് നേതാവുമായ ദിവ്യ ബാലകൃഷ്ണൻ, യു.ഡി.എഫ് കർണാടക നേതാക്കൾ, മണ്ഡലം കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.