സിറിയൻ ഓർത്തഡോക്സ് സഭാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഇന്ന് ബംഗളൂരുവിൽ
text_fieldsബംഗളൂരു: സിറിയൻ ഓർത്തഡോക്സ് സഭാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഇന്ത്യാ സന്ദർശനത്തിന് വ്യാഴാഴ്ച ബംഗളൂരുവിലെത്തും. പാത്രിയർക്കീസ് ബാവ നാലാം തവണയാണ് ഇന്ത്യ സന്ദർശിക്കുന്നത്.
ലെബനനിലെ ബെയ്റൂത്തിൽനിന്ന് വ്യാഴാഴ്ച രാവിലെ 8.30ന് ബംഗളൂരു വിമാനത്താവളത്തിൽ എത്തുന്ന ബാവയെ സ്വീകരിക്കും. വൈകീട്ട് 4.30ന് യെലഹങ്കയിൽ പുതുതായി നിർമിച്ച സെന്റ് ബേസിൽ യാക്കോബായ പള്ളിയുടെ കൂദാശക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് കെ.ആർ പുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയുടെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
വൈകീട്ട് അഞ്ചിന് വൈറ്റ്ഫീൽഡിൽ പുതുതായി നിർമിച്ച സെന്റ് തോമസ് യാക്കോബായ പള്ളിയുടെ കൂദാശക്ക് കാർമികത്വം വഹിക്കും. ശനിയാഴ്ച രാവിലെ 8.30ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് 5.30ന് ഹൊസ റോഡ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളി, ടി. ജോൺ കോളജ് കാമ്പസിലെ മാർ ഔഗേൻ ചാപ്പൽ എന്നിവ സന്ദർശിക്കും.
ഞായറാഴ്ച രാവിലെ എട്ടിനു ക്വീൻസ് റോഡ് സെന്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും. 11ന് ഭാരത് ജോഡോ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഊർജമന്ത്രി കെ.ജെ. ജോർജ് എന്നിവർ പങ്കെടുക്കും. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷതവഹിക്കും.
വൈദിക വൃത്തിയിൽ 25 വർഷം പൂർത്തിയാക്കിയ ഫാ. ഗീവർഗീസ് ജോർജ് പുലയത്തിനെ ചടങ്ങിൽ ആദരിക്കും. വൈകീട്ട് ആറിന് മൈസൂരുവിൽ പുതുതായി നിർമിച്ച സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ കൂദാശയും നിർവഹിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

