സതീഷ് തോട്ടശ്ശേരിക്ക് സുവർണ തൂലിക പുരസ്കാരം
text_fieldsബംഗളൂരു: പ്രവാസി സാഹിത്യകാരൻ സതീഷ് തോട്ടശ്ശേരിക്ക് കൊച്ചിൻ സാഹിത്യ അക്കാദമി സുവർണ തൂലിക പുരസ്കാരം. പ്രഥമ ചെറുകഥ സമാഹാര വിഭാഗത്തിലാണ് സതീഷ് തോട്ടശ്ശേരിയുടെ ‘അനുഭവ നർമ നക്ഷത്രങ്ങൾ’ എന്ന കൃതി പുരസ്കാരത്തിന് അർഹമായത്.
ചെറുകഥ വിഭാഗത്തിൽ വൈകയുടെ ‘സമ്മാനപ്പൊതി’ പുരസ്കാരം നേടിയപ്പോൾ ശ്രീജ സുരേഷ് (ആരായിരുന്നു അയാൾ), നമി ഷാജു (ഉച്ചവെയിലിലെ മിന്നാമിനുങ്ങുകൾ), നസീറ നൗഷാദ് (മൈഥിലിയുടെ വെളിപാടുകൾ) എന്നിവ പ്രത്യേക ജൂറി പുരസ്കാരം നേടി. പാലക്കാട് നെന്മാറക്കടുത്തുള്ള അയിലൂർ സ്വദേശിയായ സതീഷ് തോട്ടശ്ശേരി, മലയാളവും കേരളവുമായി ബന്ധപ്പെട്ട പുരാരേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന ഇൻഡിക് ഡിജിറ്റൽ ആർക്കേവ്‌സ് ഫൗണ്ടേഷന്റെ പ്രോജക്ട് മാനേജറാണ്.
ബംഗളൂരു ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക് കോഓഡിനേറ്റർ, കർണാടക ജോ. സെക്രട്ടറി എന്നീ പദവികൾ വഹിച്ചുവരുന്നു. യുനൈറ്റഡ് റൈറ്റേഴ്സ് ബാംഗ്ലൂർ ചെറുകഥ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘അനുഭവ നർമ നക്ഷത്രങ്ങൾ’ പ്രഥമ പുസ്തകമാണ്. ഭാര്യ: പ്രമീള, മകൻ: പ്രശാന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

