ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ; സർക്കാറിന് കേന്ദ്ര അഡ്മിൻ ട്രൈബ്യൂണൽ നോട്ടീസ്
text_fieldsവികാസ് കുമാർ
ബംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എൽ കിരീടം ചൂടിയതിന്റെ ആഘോഷത്തിനിടെ കഴിഞ്ഞ ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുതിർന്ന ഐ.പി.എസുകാർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയുടെ വിശദീകരണം തേടി ബംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) കോടതി ബുധനാഴ്ച സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചു.
കർണാടക സർക്കാർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിനെതിരെ നടപടിക്ക് വിധേയരായവരിൽ ഉൾപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ വികാസ് കുമാർ വികാസ് നൽകിയ ഹരജി പരിഗണിച്ചാണ് നടപടി. ഹരജിയിൽ വാദം കേട്ട സി.എ.ടി ബെഞ്ച് ഇക്കാര്യത്തിൽ എതിർപ്പുകൾ സമർപ്പിക്കാൻ പ്രോസിക്യൂഷന് സമയം ആവശ്യമാണെന്ന അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടി മുഖേന സംസ്ഥാനം സമർപ്പിച്ച വാദം പരിഗണിച്ചു.
സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ച ശേഷം കോടതി കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റി. ബംഗളൂരു സിറ്റി (വെസ്റ്റ്) ഇൻസ്പെക്ടർ ജനറലും അഡീ. കമീഷണറുമായി വികാസ് കുമാർ വികാസ് സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലക്കാരനായി അദ്ദേഹത്തെയാണ് നിയമിച്ചിരുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ തന്നെ ബലിയാടാക്കിയെന്ന് അദ്ദേഹം വാദിച്ചു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് എ.ജി ശശികിരൺ ട്രൈബ്യൂണൽ മുമ്പാകെ സമർപ്പിച്ചു. ‘‘ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദുരന്തത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ പ്രഥമദൃഷ്ട്യാ പരിശോധിച്ചപ്പോൾ ബംഗളൂരു സിറ്റി അഡീ. ഡയറക്ടർ ജനറലും പൊലീസ് കമീഷണറുമായ ബി. ദയാനന്ദ ഐ.പി.എസ്, ബംഗളൂരു സിറ്റി (വെസ്റ്റ്) ഇൻസ്പെക്ടർ ജനറലും അഡീ. പൊലീസ് കമീഷണറുമായ വികാസ് കുമാർ വികാസ് ഐ.പി.എസ്, ബംഗളൂരു സിറ്റി സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ ശേഖർ എച്ച് ടെക്കണ്ണവർ ഐ.പി.എസ്, ബംഗളൂരു കബ്ബൺ പാർക്ക് അസിസ്റ്റന്റ് പൊലീസ് കമീഷണർ സി. ബാലകൃഷ്ണ, ബംഗളൂരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ ഗിരീഷ് എന്നിവർ കൃത്യവിലോപം കാണിച്ചതായി കണ്ടെത്തി. ആയതിനാൽ ഈ ഉദ്യോഗസ്ഥരെ ഉടനടി സസ്പെൻഡ് ചെയ്യുന്നു’’ എന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിലെ മറ്റു പ്രധാന കാര്യങ്ങൾ ഇവയാണ്:
ജൂൺ നാലിന് വിജയ പരേഡും ആഘോഷങ്ങളും നടത്തുന്നതിനെക്കുറിച്ച് ആർ.സി.ബിയുടെ സി.ഇ.ഒ ജൂൺ മൂന്നിന് ബംഗളൂരു പൊലീസ് കമീഷണറെ അറിയിച്ചിരുന്നു. എന്നാൽ, ഇത്രയും വലിയ പരിപാടിക്ക് തയാറെടുക്കാൻ സമയമില്ലെന്ന കാരണം അറിയിച്ച് പൊലീസ് കമീഷണറുടെ ഓഫിസ് സംഘാടകർക്ക് രേഖാമൂലമുള്ള മറുപടി നൽകുന്നതിൽ പരാജയപ്പെട്ടു.
ഈ സംഭവവികാസങ്ങളെക്കുറിച്ചും ക്രിക്കറ്റ് ആരാധകരുടെ വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനെക്കുറിച്ചും പൊലീസ് അറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ പരിപാടി വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്നതിനോ പൊതുജനങ്ങളുടെ സുരക്ഷക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനോ ഉചിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് അധിക പൊലീസ് സേനയെ വിന്യസിക്കുന്നതിനോ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല.
സാഹചര്യം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ആവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചില്ല. തൽഫലമായി സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. സർക്കാറിന് വളരെയധികം ദുരിതങ്ങളും വിലയേറിയ ജീവൻ നഷ്ടപ്പെടലും നാണക്കേടും വരുത്തിവെച്ചു.
ഈ കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മുകളിൽ പറഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്. അസി. പൊലീസ് കമീഷണറുടെയും പൊലീസ് ഇൻസ്പെക്ടറുടെയും പെരുമാറ്റം 1965 ലെ കർണാടക സംസ്ഥാന പൊലീസ് (അച്ചടക്ക നടപടിക്രമങ്ങൾ) ചട്ടങ്ങളുടെ നഗ്നമായ ലംഘനവുമാണ്’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

