18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ പിൻവലിച്ചു
text_fieldsനിയമസഭ സ്പീക്കർ യു.ടി. ഖാദറിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന മധ്യസ്ഥ യോഗത്തിൽനിന്ന്
ബംഗളൂരു: കർണാടക നിയമസഭയെ പിടിച്ചുകുലുക്കിയ ഹണി ട്രാപ് ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ കൈവിട്ട പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ ഉത്തരവുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചു.
നിയമസഭ സ്പീക്കർ യു.ടി. ഖാദറിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന മധ്യസ്ഥ യോഗത്തിലാണ് തീരുമാനം. സഭാനേതാവുകൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ മനപ്പ ലമാനി, നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ, പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ മാർച്ച് 21നായിരുന്നു നിയമസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സഹകരണ മന്ത്രി കെ.എൻ. രാജണ്ണ ഉൾപ്പെട്ട ‘ഹണിട്രാപ്’ ആരോപണങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ ബഹളം വെക്കുകയും വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
18 എം.എൽ.എമാർ സ്പീക്കറുടെ വേദിയിൽ കയറി ഔദ്യോഗിക രേഖകൾ കീറിക്കളയുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു. ഇത് ചെയറിനോട് അനാദരവ് കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
ബി.ജെ.പി എം.എൽ.എമാരായ ദൊഡ്ഡനഗൗഡ പാട്ടീൽ, സി.കെ. രാമമൂർത്തി, അശ്വത് നാരായൺ, എസ്.ആർ. വിശ്വനാഥ്, ബൈരതി ബസവരാജ് എം.ആർ. പാട്ടീൽ, ചന്നബസപ്പ, ബി. സുരേഷ് ഗൗഡ, ഉമാനാഥ് കൊട്ടിയാൻ, ശരണു സലാഗർ, ഷൈലേന്ദ്ര ബൽദലെ, യഷ്പാൽസുവർണ, ബി.പി. ഹരീഷ്, ഡോ. ഭരത് ഷെട്ടി, ആർ. മുനിരത്ന, ബസവരാജ് മത്തിമോഡ്, ധീരജ് മുനിരാജു, ഡോ. ചന്ദ്രു ലാമണി എന്നിവരെയാണ് ആറ് മാസത്തേക്ക് സ്പീക്കർ യു.ടി. ഖാദർ സസ്പെൻഡ് ചെയ്തത്.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്ന നിലയിൽ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിന് സസ്പെൻഷൻ തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി സസ്പെൻഷൻ ഉത്തരവുകൾ പിൻവലിക്കാൻ സ്പീക്കറോടും സംസ്ഥാന സർക്കാറിനോടും നിർദേശിക്കണമെന്ന് അഭ്യർഥിച്ച് എം.എൽ.എമാർ ഗവർണർക്ക് കത്തുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

