മഴക്കുറവ് അതിജീവിച്ച് മംഗളൂരുവിൽ നെൽകൃഷി
text_fieldsമംഗളൂരു: മഴക്കുറവ് അതിജീവിച്ച് ദക്ഷിണ കന്നടയിൽ നെൽകൃഷി.ജില്ലയിൽ മൊത്തമുള്ള 10,000 ഹെക്ടർ പാടങ്ങളിൽ 7976 ഹെക്ടറിൽ നെൽകൃഷി പൂർത്തിയായി. മംഗളൂരു ഉപവിഭാഗത്തിൽ 5960 ഹെക്ടർ ലക്ഷ്യ വിസ്തൃതിയിൽ 5693 ഹെക്ടറിൽ പൂർത്തിയായിട്ടുണ്ട്. മംഗളൂരു1540 ഹെക്ടർ ലക്ഷ്യമിട്ടതിൽ 1,500 ഹെക്ടർ, മൂഡ്ബിദ്രിയിൽ 1790 ഹെക്ടറിൽ 1648, മുൾക്കിയിൽ 1740ൽ 1696, ഉള്ളാളിൽ 890ൽ 849, ബണ്ട്വാൾ 1600ൽ 1506 എന്നിങ്ങിനെയാണ് താലൂക്ക് തിരിച്ചുള്ള പുരോഗതി കണക്ക്. ശേഷിക്കുന്ന താലൂക്കുകളിൽ പുരോഗമനം മന്ദഗതിയിലാണ്. ബെൽത്തങ്ങാടിയിൽ 1740 ഹെക്ടർ ലക്ഷ്യമിട്ടിരുന്നിടത്ത് 428 ഹെക്ടറിൽ മാത്രമേ നടീൽ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. പുത്തൂരിൽ 245 ഹെക്ടറിൽ നടീൽ 124 ഹെക്ടറിലും കടബയിൽ 205 ഹെക്ടറിൽ നടീൽ 97 ഹെക്ടറിലും സുള്ള്യയിൽ 250 ഹെക്ടർ ലക്ഷ്യമിട്ടിരുന്നിടത്ത് 128 ഹെക്ടറിലും മാത്രമാണ് നടീൽ പൂർത്തിയായത്.
ജൂൺ, ജൂലൈ മാസങ്ങളിൽ മഴ വൈകിയതും കുറവായതും നടീൽ പ്രവർത്തനങ്ങളെ ബാധിച്ചതായി കർഷകരും കൃഷി ഉദ്യോഗസ്ഥരും പറഞ്ഞു .സാധാരണ തീരദേശ മേഖലയിൽ മെയ് മാസത്തിൽ കാലവർഷ പൂർവ മഴ ലഭിക്കാറുണ്ട്. ഇത് സീസണിലെ ആദ്യ നെൽകൃഷിക്കായി കർഷകർക്ക് അവരുടെ വയലുകൾ ഒരുക്കാൻ അനുവദിക്കുന്നു.
എന്നാൽ ഈ വർഷം കാലവർഷത്തിന് മുമ്പുള്ള മഴ യഥാസമയം ലഭിച്ചില്ല. ഇത് പാടശേഖര തയ്യാറെടുപ്പിനും തൽഫലമായി പറിച്ചുനടലിനും കാലതാമസം വരുത്തി. മഴ വൈകിയതിനെ തുടർന്ന് ഈ വർഷം നെൽകൃഷി വേണ്ടെന്ന് തീരുമാനിച്ചതായി ബെൽത്തങ്ങാടിയിലെ കർഷകൻ പറഞ്ഞു. ജില്ലയിലുടനീളമുള്ള കർഷകർ നേരിട്ട് വിതക്കുന്നതും യന്ത്ര സഹായത്തോടെയുള്ള നെൽച്ചെടികൾ പറിച്ചുനടുന്നതും ഒരുപോലെ നടത്തുന്നുണ്ടെന്ന് കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ ഹൊന്നപ്പ ഗൗഡ പറഞ്ഞു. ജില്ലയിലെ നെൽകർഷകർ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിൽ വലിയ താൽപ്പര്യം കാണിച്ചിട്ടില്ല. പ്രധാനമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) പ്രകാരം ഇതുവരെ വളരെ കുറച്ച് കർഷകർ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

