കർണാടക കോൺഗ്രസിൽ വിയോജിപ്പില്ല -സുർജേവാല
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വെള്ളിയാഴ്ച രൺദീപ് സിങ് സുർജേവാലയെ ബംഗളൂരുവിൽ
സ്വീകരിക്കുന്നു
ബംഗളൂരു: സംസ്ഥാന കോൺഗ്രസിൽ നേതൃതലത്തിലോ പ്രവർത്തകരിലോ വിയോജിപ്പില്ലെന്ന് പാർട്ടി കർണാടക ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.എല്ലാവരും പാർട്ടി ലൈനിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും അവരുടെ അഭിപ്രായത്തിനപ്പുറം സംസാരിക്കുന്നില്ലെന്നും ഉറപ്പാക്കാൻ ഉപമുഖ്യമന്ത്രി കൂടിയായ പി.സി.സി (പ്രദേശ് കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്റ് ഡി.കെ. ശിവകുമാറിന് പൂർണ അധികാരമുണ്ട്.
ചില ആളുകൾ വൈകാരികമായോ മറ്റെന്തെങ്കിലും തരത്തിലോ ആവേശഭരിതരാകുകയും പാർട്ടിയുടെ അച്ചടക്കത്തിന്റെ പരിധിക്ക് അപ്പുറമുള്ള പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു. അവരെ അതിനനുസരിച്ച് കൈകാര്യം ചെയ്യാൻ ശിവകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകയിൽ പാർട്ടിയുടെ ശ്രദ്ധ സംസ്ഥാനത്തെ ജനങ്ങൾക്ക് ഭരണത്തിൽ പൂർണ പങ്കാളിത്തം നൽകുന്നതും അഞ്ച് വാഗ്ദാനങ്ങളുടെ വിജയം ഉറപ്പാക്കുന്നതുമാണ്. സിദ്ധരാമയ്യ മാറി ശിവകുമാർ മുഖ്യമന്ത്രിയാവുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കുനിഗൽ എം.എൽ.എ എച്ച്.ഡി. രംഗനാഥിനും മുൻ എം.പി എൽ.ആർ. ശിവരാമ ഗൗഡക്കും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി നോട്ടീസ് അയച്ചതിനുപിന്നാലെയാണ് സുർജേവാല മാധ്യമങ്ങളോട് സംസാരിച്ചത്.
കോൺഗ്രസ് സർക്കാർ 30 മാസം പൂർത്തിയാക്കുമ്പോൾ അടുത്ത മാസം ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് പാർട്ടി തീരുമാനിക്കുമെന്ന് ശിവരാമ ഗൗഡ പറഞ്ഞിരുന്നു. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ഒരു മനുഷ്യൻ, ഒരു വോട്ട്’ എന്ന തത്ത്വം ഇല്ലാതാക്കാൻ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ട്. ‘വോട്ട് ചോരി’ എന്ന പേരിൽ രാജ്യവ്യാപകമായി കോൺഗ്രസ് ഒപ്പുശേഖരണ കാമ്പയിൻ ആരംഭിച്ചതായും സുർജേവാല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

