ബാഡ്മിന്റൺ താരം ലക്ഷ്യ സെന്നിനെതിരെ പൊലീസ് നടപടി വിലക്കി ഉത്തരവ്
text_fieldsലക്ഷ്യ സെൻ
ബംഗളൂരു: വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന ആരോപണത്തിൽ ബാഡ്മിന്റൺ താരം ലക്ഷ്യ സെന്നിനും കുടുംബാംഗങ്ങൾക്കും പരിശീലകനും എതിരെ നടപടിയെടുക്കുന്നതിൽനിന്ന് കർണാടക പൊലീസിനെ സുപ്രീം കോടതി വിലക്കി. സെന്നിന്റെയും സഹോദരൻ ചിരാഗ് സെന്നിന്റെയും ജനന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആരോപിച്ച കർണാടക സർക്കാറിനും പരാതിക്കാരനായ എം.ജി. നാഗരാജിനും ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.സെന്നും കുടുംബാംഗങ്ങളും പരിശീലകൻ യുവിമൽ കുമാറും സമർപ്പിച്ച ഹരജികൾ തള്ളിയ കർണാടക ഹൈകോടതിയുടെ ഫെബ്രുവരി 19 ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീം കോടതി വാദം കേൾക്കുകയായിരുന്നു.
കേസിൽ അന്വേഷണം ആവശ്യപ്പെടുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ ഉണ്ടെന്ന് ഹൈകോടതി വിധിച്ചിരുന്നു. സെന്നിന്റെ മാതാപിതാക്കളായ ധീരേന്ദ്ര, നിർമല സെൻ, സഹോദരൻ, പരിശീലകൻ, കർണാടക ബാഡ്മിന്റൺ അസോസിയേഷന്റെ ജീവനക്കാരൻ എന്നിവർക്ക് ജനന രേഖകൾ വ്യാജമായി നിർമിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാഗരാജ് സമർപ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജനന സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ച് പ്രായം ഏകദേശം രണ്ടര വർഷം കുറച്ചു.പ്രായപരിധി നിശ്ചയിച്ചിട്ടുള്ള ബാഡ്മിന്റൺ ടൂർണമെന്റുകളിൽ പങ്കെടുക്കാനും സർക്കാർ ആനുകൂല്യങ്ങൾ നേടാനുമാണ് വ്യാജരേഖ ചമച്ചതെന്നാണ് പരാതിക്കാരന്റെ ആരോപണം.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ നാഗരാജ് കോടതിയിൽ ഹാജരാക്കുകയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ന്യൂഡൽഹിയിലെ യുവജനകാര്യ കായിക മന്ത്രാലയം എന്നിവയിൽനിന്ന് യഥാർഥ രേഖകൾ വിളിച്ചുവരുത്താൻ കോടതിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനോട് അന്വേഷണം നടത്താൻ കോടതി നിർദേശിക്കുകയും ചെയ്തു. കോടതി നിർദേശത്തെത്തുടർന്ന് ഐ.പി.സി സെക്ഷൻ 420 (വഞ്ചന), 468 (വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖകൾ യഥാർഥമായി ഉപയോഗിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.