മുഡ അഴിമതി ആരോപണ കേസ്; രാഷ്ട്രീയ യുദ്ധത്തിൽ ഇ.ഡി ഇടപെടുന്നത് എന്തിന് -സുപ്രീം കോടതി
text_fieldsബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കെതിരായ ഇ.ഡി നടപടി തള്ളിയ കർണാടക ഹൈകോടതി വിധി ശരിവെച്ച സുപ്രീംകോടതി, ഇ.ഡിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ തമ്മിൽ രാഷ്ട്രീയ യുദ്ധം നടത്തട്ടെയെന്നും എന്തിനാണ് ഇ.ഡി അതിന്റെ ഭാഗമാവുന്നതെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വിമർശിച്ചു. കോടതിയെക്കൊണ്ട് കൂടുതൽ പറയിക്കാൻ ഇടവരുത്തരുതെന്നും ആ സാഹചര്യംവന്നാൽ ഇ.ഡിയെ കുറിച്ച് തങ്ങൾക്ക് കടുത്ത പരാമർശങ്ങൾ നടത്തേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി, കർണാടക നഗര വികസന മന്ത്രി ബൈരതി സുരേഷ് എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകിയത് കർണാടക ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഇ.ഡി നൽകിയ പ്രത്യേക വിടുതൽ ഹരജി തിങ്കളാഴ്ച പരിഗണിക്കവെയാണ് ഇ.ഡിയെ ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയിൽ വിമർശിച്ചത്. പാർവതിക്കും മന്ത്രി ബൈരതി സുരേഷിനുമെതിരായ ഇ.ഡി നോട്ടീസ് കർണാടക ഹൈകോടതി റദ്ദാക്കിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇ.ഡിയുടെ പ്രത്യേക വിടുതൽ ഹരജി പിൻവലിച്ച അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ നടപടി ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, ഇ.ഡിക്കെതിരെ രൂക്ഷ പ്രയോഗങ്ങൾ ഒഴിവാക്കാൻ ഇത് സഹായകരമായതായും പരാമർശിച്ചു.
മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മൈസൂരു സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ പരാതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കിയും ഭാര്യ ബി.എം. പാർവതിയെ രണ്ടാം പ്രതിയാക്കിയും മൈസൂരു ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ പ്രതികൾക്കെതിരെ ആവശ്യമായ തെളിവില്ലെന്ന് കുറ്റപത്രത്തിൽ ലോകായുക്ത ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് നീതിയുടെ വിധി; രാഷ്ട്രീയ ഇടപെടലിനുള്ള തിരിച്ചടി -സിദ്ധരാമയ്യ
ബംഗളൂരു: മുഡ കേസിൽ ഇ.ഡി നടപടിക്കെതിരെ സുപ്രീംകോടതിയിൽനിന്നുണ്ടായത് നീതിയുടെ വിധിയെന്നും രാഷ്ട്രീയ പ്രേരിതമായ ഇടപെടലിനുള്ള തിരിച്ചടിയാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഡ കേസിൽ പാർവതിക്കും ബൈരതി സുരേഷിനുമെതിരായ ഇ.ഡി നോട്ടീസ് കർണാടക ഹൈകോടതി തള്ളിയത് സുപ്രീംകോടതി ശരിവെച്ചിരിക്കുന്നു. വിഷയം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഇ.ഡിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ മുഖത്തേറ്റ പ്രഹരംകൂടിയാണിത്. ഇതോടെ മുഡ കേസിൽ ഇ.ഡിയുടെ ഇടപെടലിന് അവസാനമായെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബി.ജെ.പിയും സഖ്യകക്ഷികളും കേന്ദ്ര അന്വേഷണ ഏജൻസികളായ ഇ.ഡി, സി.ബി.ഐ മുതലായവയെ ദുരുപയോഗം ചെയ്യുകയാണ്. കെട്ടിച്ചമച്ച കേസ് മാനസിക പീഡനവും സമ്മർദവുമാണ് നൽകിയത്. എന്നെ രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്ത ബി.ജെ.പിയും സഖ്യ കക്ഷികളും ഭാര്യക്കെതിരെ കള്ളക്കേസ് ചുമത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയായിരുന്നു. എനിക്ക് ഒരിക്കലും മറക്കാനാവാത്ത വിഷമഘട്ടത്തിലൂടെയാണ് കടന്നുപോയത്.
എന്റെ ഹൃദയത്തിൽനിന്നുള്ള വാക്കുകളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിധിയിൽ മുഴങ്ങിയതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇ.ഡി, ഐ.ടി, സി.ബി.ഐ തുടങ്ങിയവയെ രാഷ്ട്രീയ കരുവാക്കുന്ന നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും അവസാനിപ്പിക്കണമെന്നും തന്നെയും ഭാര്യയെയും കേസിലേക്ക് വലിച്ചിഴച്ച ബി.ജെ.പിയും ജെ.ഡി-എസും കർണാടകയിലെ ജനങ്ങളോട് മാപ്പുപറയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

