ഡി.കെക്കെതിരായ സി.ബി.ഐ ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് മാറ്റി
text_fieldsഡി.കെ ശിവകുമാർ
ബംഗളൂരു: കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരായ കേസിൽ അന്വേഷണം താൽക്കാലികമായി തടഞ്ഞ കർണാടക ഹൈകോടതി വിധി ചോദ്യംചെയ്തുള്ള സി.ബി.ഐ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജൂലൈ 14 ലേക്ക് മാറ്റി. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ നടപടികൾ തടഞ്ഞ് കഴിഞ്ഞ ഫെബ്രുവരി 10നാണ് ഹൈകോടതി ശിവകുമാറിന് സ്റ്റേ അനുവദിച്ചത്.
ഇത് പിന്നീട് തീയതി നീട്ടിനൽകിയിരുന്നു. കേസ് മേയ് 23ന് കർണാടക ഹൈകോടതി പരിഗണിക്കുന്നുണ്ടെന്ന് ശിവകുമാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയതോടെയാണ് ജസ്റ്റിസ് ബി.ആർ. ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി മാറ്റിവെച്ചത്. ആദായ നികുതി വകുപ്പ് 2017ൽ ശിവകുമാറിനെ ലക്ഷ്യമിട്ട് പരിശോധന നടത്തിയിരുന്നു. ആദായ നികുതി വകുപ്പ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവകുമാറിനെതിരെ കേസെടുത്തു. 2020 ഒക്ടോബർ മൂന്നിന് ശിവകുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐയും കേസെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ കേസിൽ സി.ബി.ഐ തുടർച്ചയായി നോട്ടീസ് അയച്ചു. 2020 ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ തുടർച്ചയായി നോട്ടീസ് അയക്കുന്നത് തെരഞ്ഞെടുപ്പിൽ തന്നെ മാനസികമായി സമ്മർദത്തിലാക്കാനുള്ള സി.ബി.ഐ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ശിവകുമാർ കർണാടക ഹൈകോടതിയെ സമീപിക്കുകയും അനുകൂല സ്റ്റേ വിധി സമ്പാദിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

