Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ സു​പ്രീംകോ​ട​തി ബെ​ഞ്ച് സ്ഥാ​പി​ക്ക​ണം -സി​ദ്ധ​രാ​മ​യ്യ

text_fields
bookmark_border
കേസുകൾ കെട്ടിക്കിടക്കുന്നത് നീതീ നടപ്പാക്കുന്നതിനെ ബാധിക്കുന്നു
ദ​ക്ഷി​ണേ​ന്ത്യ​യി​ൽ സു​പ്രീംകോ​ട​തി ബെ​ഞ്ച് സ്ഥാ​പി​ക്ക​ണം -സി​ദ്ധ​രാ​മ​യ്യ
cancel

ബംഗളൂരു: രാജ്യത്തെ പരമോന്നത കോടതിയിലെ നീതിനിര്‍വഹണം മെച്ചപ്പെടുത്തുന്നതിന് ദക്ഷിണേന്ത്യയിൽ ഒരു സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജുഡീഷ്യൽ ഓഫിസർമാരുടെ 22ാമത് സംസ്ഥാനതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കൃത്രിമബുദ്ധിയുടെ യുഗത്തിൽ ജുഡീഷ്യറിയുടെ പുനർസങ്കൽപ്പം’ എന്നതായിരുന്നു സമ്മേളനത്തിന്‍റെ പ്രമേയം.

ജഡ്ജിയുടെ അധികാരം ഒരിക്കലും ഒരു അൽഗോരിതത്തിന്‍റെ അധികാരത്താൽ മറക്കപ്പെടരുത്. സാങ്കേതികവിദ്യയുടെ പുതിയ അതിരുകള്‍ പര്യവേക്ഷണം ചെയ്യുമ്പോഴും നമ്മുടെ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നാം ശ്രദ്ധാലുവായിരിക്കണം. കേസുകൾ കെട്ടിക്കിടക്കുക എന്നത് നീതി നടപ്പാക്കുന്നതിനെ ഗുരുതരമായി ബാധിക്കുന്ന ആശങ്കയാണ്. ഇത് സാങ്കേതികവിദ്യയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും കോടതി പ്രക്രിയകൾ നവീകരിക്കുന്നതിലൂടെയും വ്യവസ്ഥാപിതമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലൂടെയും ഇത് സാധ്യമാകും. ദക്ഷിണേന്ത്യയിൽ ഒരു സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കുന്നത് നീതി നിര്‍വഹണത്തിന് സഹായകമാകും.

നിയമവും സാങ്കേതികവിദ്യയും ഇനി വ്യത്യസ്ത മേഖലകളല്ല. ഭരണം, അവകാശങ്ങൾ, നീതി എന്നിവ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്ന രണ്ടു ശക്തികളാണ് എന്ന നിർണായക ഘട്ടത്തിലാണ് നാമിന്ന് എത്തി നിൽക്കുന്നത്. തെളിവുകൾ എങ്ങനെ വ്യാഖ്യാനിക്കുന്നു, വസ്തുതകൾ എങ്ങനെ മനസ്സിലാക്കുന്നു, തീരുമാനങ്ങളിൽ എങ്ങനെ എത്തിച്ചേരുന്നു എന്നിവയെ വെല്ലുവിളിക്കുന്ന ഒരു ശക്തിയായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉയർന്നുവരുന്നു. നിയമങ്ങള്‍ വേഗത്തില്‍ ഗവേഷണം നടത്തുക, കേസുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക, കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥകള്‍ ഇല്ലാതാക്കുക എന്നിവ ഇവ സാധ്യമാക്കും.

ഇതോടൊപ്പം നിരവധി ആശങ്കകളും ഉയര്‍ന്നു വരുന്നുണ്ട്. കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട തെളിവുകള്‍ നിയമവ്യവസ്ഥക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കും. സഹാനുഭൂതി, അനുഭവത്തില്‍നിന്നും ഉരുത്തിരിയുന്ന ജ്ഞാനം, ധാർമിക യുക്തി എന്നിവക്ക് പകരംവെക്കാൻ ഒരു അൽഗോരിതത്തിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സുപ്രീം കോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, അരവിന്ദ് കുമാർ, കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court bench should be established in South India - Siddaramaiah
Next Story