വേനല്‍ക്കാല ഊര്‍ജ പ്രതിസന്ധി; മുൻകൂർ നടപടിയുമായി മന്ത്രി
text_fieldsബംഗളൂരു: വേനൽക്കാലത്ത് തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് മുൻകൂർ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് വകുപ്പിന് നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി മതിയായ വൈദ്യുതി ഉൽപാദനവും സംഭരണവും ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു. മാർച്ച്, ഏപ്രില്‍, മേയ് കാലയളവിലെ വൈദ്യുത പ്രതിസന്ധി കണക്കിലെടുത്ത് പ്രതീക്ഷിക്കുന്ന വൈദ്യുതിയുടെ ആവശ്യകത വിലയിരുത്താനും പവർ ബാങ്കിങ് ഉൾപ്പെടെയുള്ള അനുയോജ്യ ക്രമീകരണം നടത്താനും മന്ത്രി വകുപ്പിനോട് നിർദേശിച്ചു.
ആവശ്യകത നിറവേറ്റുന്നതിനുള്ള തയാറെടുപ്പുകൾ ഉടന്‍ ആരംഭിക്കണം. എക്സ്ചേഞ്ചുകൾ വഴിയോ ദീർഘകാല വാങ്ങൽ കരാറുകൾ വഴിയോ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ക്രമീകരണം ചെയ്യണം. കൂടാതെ പഞ്ചസാര ഉൽപാദനത്തോടൊപ്പം വൈദ്യുതി ഉൽപാദിപ്പിക്കുന്ന പഞ്ചസാര ഫാക്ടറികളുമായും കരാറുകളിൽ ഏർപ്പെടണം. മിച്ച വൈദ്യുതി ലഭ്യമാണെങ്കിൽ അത് മറ്റ് സംസ്ഥാനങ്ങൾക്ക് വിൽക്കാം.
എങ്കിലും വൈദ്യുതി ക്ഷാമം ഉണ്ടാകരുത്. കുസും-സി പദ്ധതി പ്രകാരം സോളാര്‍ പാനലുകള്‍ വഴി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാർഷിക പമ്പ് സെറ്റുകൾക്ക് പകൽ സമയത്ത് ഏഴു മണിക്കൂർ തുടർച്ചയായി വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. മറ്റ് പ്രദേശങ്ങളിലെ കാർഷിക പമ്പ് സെറ്റുകളിലേക്കും സമാനമായ രീതിയില്‍ വൈദ്യുതി വിതരണം വ്യാപിപ്പിക്കും.
ഈ സാമ്പത്തിക വര്‍ഷം ഡിസംബറിൽ 17,220 മെഗാവാട്ട് വൈദ്യുതി അവശ്യമായി വന്നു. അത് മികച്ച രീതിയില്‍ നല്‍കാന്‍ സാധിച്ചു. വരുന്ന വേനൽക്കാലത്ത് വൈദ്യുതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം അഞ്ച് ശതമാനം വര്‍ധിക്കും. ഇതിനുള്ള തയാറെടുപ്പ് നടന്നുവരികയാണ്. സംസ്ഥാനത്തെ ജലസംഭരണികളിൽ നിലവിൽ സംഭരിച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ച് ജൂലൈ അവസാനം വരെ പ്രതിദിനം 33 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.
റായ്ച്ചൂർ, യെരമറസ്, ബെല്ലാരി താപവൈദ്യുത നിലയങ്ങളിലെ വൈദ്യുതി നിർമാണ യൂനിറ്റുകൾ വേനൽക്കാലത്ത് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ തയാറായിക്കൊണ്ടിരിക്കുകയാണ്. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്ന് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ടെന്നും പവർ കമ്പനി ഓഫ് കർണാടക ലിമിറ്റഡ് (പി.സി.കെ.എൽ) ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
വൈദ്യുതി കാര്യക്ഷമമായി കൈമാറുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. ഓവർലോഡ് പ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ കണ്ടെത്തണം. എല്ലാ പ്രദേശങ്ങൾക്കും മതിയായ വൈദ്യുതി വിതരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

