സുഹാസ് ഷെട്ടി വധക്കേസ് എൻ.ഐ.എക്ക് കൈമാറണം -ബി.ജെ.പി
text_fieldsമംഗളൂരു: സുഹാസ് ഷെട്ടി വധക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു. വിജയേന്ദ്ര വെള്ളിയാഴ്ച സുഹാസ് ഷെട്ടിയുടെ വസതിയിലെത്തി ദുഃഖിതരായ കുടുംബത്തെ ആശ്വസിപ്പിച്ചു.
സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച വിജയേന്ദ്ര, സംസ്ഥാന സർക്കാറിനോടും പൊലീസ് വകുപ്പിനോടും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ കർണാടകയിലുടനീളം ജനരോഷം ഉയരുന്നുണ്ട്.
സംഭവം അപലപനീയമാണ്. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും പൊലീസ് സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടത് നിർഭാഗ്യകരമാണ്. ഇത് സംസ്ഥാന സർക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും പൂർണ പരാജയത്തെ പ്രതിഫലിപ്പിക്കുന്നു.
കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദു പ്രവർത്തകരുടെയും സംഘടനകളുടെയും സുരക്ഷയെ അവഗണിച്ചു. ഇപ്പോഴത്തെ സർക്കാറിന്റെ നയങ്ങൾ ഹിന്ദു തൊഴിലാളികൾക്കും സംഘടനകൾക്കും സുരക്ഷിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു.
സുഹാസ് ഷെട്ടിയുടെ കുടുംബത്തിന് ബി.ജെ.പിയുടെ പേരിൽ 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വിജയേന്ദ്ര പ്രഖ്യാപിച്ചു. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് ആർ. അശോക, എം.എൽ.എമാരായ ഭരത് ഷെട്ടി, രാജേഷ് നായിക്, യശ്പാൽ സുവർണ, ഭാഗീരഥി മുരുല്യ, ബി.ജെ.പി ജില്ല പ്രസിഡന്റ് സതീഷ് കുമ്പള എന്നിവവരും സുഹാസിന്റെ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

